പൂജാ അവധിയോടനുബന്ധിച്ച് വാഗമണ്ണിൽ സഞ്ചാരികളുടെ തിരക്ക്


വാഗമൺ:പൂജാ അവധിയോടനുബന്ധിച്ച് വാഗമണ്ണിൽ സഞ്ചാരികളുടെ വലിയ തിരക്ക്. മൊട്ടക്കുന്ന്, പൈൻവാലി, അഡ്വൈഞ്ചർ പാർക്ക് എന്നിവിടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഒക്ടോബർ രണ്ടാം തീയതി ഞായറാഴ്ച്ച മുതൽ അഞ്ചാം തീയതി വരെ നല്ല തിരക്കനുഭവപ്പെട്ടു. ദിനംപ്രതി പതിനാ യിരകണക്കിന് സഞ്ചാരികളാണ് വാഗമണ്ണിൽ വന്നു പോയത്. വ്യാപാര, ഹോട്ടൽ, ഹോംസ്റ്റേ, റിസ്സോർട്ട്, മേഖലകളിൽ വലിയ തോതിൽ തിരക്ക് അനുഭവപ്പെടുകയും ചെയ്തത് ഈ മേഖലയിലുള്ളവരെ സന്തോഷത്തിലാക്കി. കേരളത്തിന് പുറമേ, തമിഴ്നാട്ടിൽ നിന്നും വലിയതോതിൽ യുവാക്കളും യുവതികളും അടങ്ങുന്ന സഞ്ചാരികളും എത്തിച്ചേരുന്നു .ഇവരുടെ പ്രധാന വിനോദം വാഗമണ്ണിൽ നിന്നും നടത്തുന്ന ജീപ്പുസവാരികളാണ്.കഴിഞ്ഞ ദിവസം വാഗമൺ ടൗണിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരം പൈൻവാലി ജംഗ്ഷനിൽ എത്തുവാൻ ഒന്നര മണിക്കൂർ എടുക്കേണ്ടി വന്നു ഓരോ വാഹനത്തിനും. അത്രമാത്രം വാഹനത്തിരക്കായിരുന്നു. ഈ അവധി നാളുകളിൽ ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തിരക്കിന് പരിഹാരം ഉണ്ടായില്ലെങ്കിൽ അതു വലിയ സാമൂഹിക പ്രശ്നമായി മാറും.വാഗമണ്ണിൽ സമാന്തര റോഡും സൗകര്യവും ഉണ്ടായാൽ മാത്രമേ ഒരുപരിധിവരെ പരിഹാരം കാണാനാകൂവെന്ന് പ്രദേശവാസികൾ പറഞ്ഞു