ഉടുമ്പൻചോലയിലെ വോട്ടിങ് യന്ത്രങ്ങളുടെ നറുക്കെടുപ്പ് നടത്തി
To the polling booths at Udumbanchola: Drawing of voting machines
നെടുങ്കണ്ടം : ഉടുമ്പൻചോല നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനായി നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ എത്തിച്ച വോട്ടിങ് യന്ത്രങ്ങളുടെ നറുക്കെടുപ്പ് ശനിയാഴ്ച നടന്നു. വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് തിങ്കളാഴ്ച നടക്കും. കഴിഞ്ഞ തവണത്തെ 193 പോളിങ് ബൂത്തുകൾക്കൊപ്പം ഇത്തവണ 39 ഓക്‌സിലറി ബൂത്തുകളും പോളിങ്ങിനായി ക്രമീകരിക്കും.
ഇവിടേക്കുള്ള ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് മെഷീൻ എന്നിവയാണ് നെടുങ്കണ്ടത്ത് എത്തിച്ചിരിക്കുന്നത്. ഇവയിൽ ഓരോന്നും മണ്ഡലത്തിലെ ഏതൊക്കെ പോളിങ് ബൂത്തുകളിൽ ഉപയോഗിക്കണമെന്ന നറുക്കെടുപ്പാണ് ശനിയാഴ്ച നടന്നത്.
പരിശോധനയ്ക്ക് ശേഷം ജില്ലാ ഭരണകൂടം നെടുങ്കണ്ടത്ത് എത്തിച്ച വോട്ടിങ് യന്ത്രങ്ങൾ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ പ്രത്യേക തയ്യാറാക്കിയിരിക്കുന്ന സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുന്നത്.
ഒരു റിസർവ് സ്‌ട്രോങ് റൂം അടക്കം അഞ്ച് സ്‌ട്രോങ് റൂമുകളാണ് സ്‌കൂളിൽ ഒരുക്കിയിരിക്കുന്നത്. കമ്മിഷനിങ്ങിന് ശേഷം സ്‌ട്രോങ് റൂമിലെ നിശ്ചിത സ്ഥലങ്ങളിൽ സൂക്ഷിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ ഏപ്രിൽ അഞ്ചിന് പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. തുടർന്ന് വോട്ടെടുപ്പിന് ശേഷം ഏപ്രിൽ ആറിന് തന്നെ വോട്ടിങ് യന്ത്രങ്ങൾ തിരിച്ച് നെടുങ്കണ്ടത്തെത്തിച്ച് സ്‌ട്രോങ് റൂമുകളിൽ സൂക്ഷിക്കും. പിന്നീട് വോട്ടെണ്ണൽ ദിവസമായിരിക്കും വോട്ടിങ് യന്ത്രങ്ങൾ സ്‌ട്രോങ് റൂമിൽനിന്നു പുറത്തെടുക്കുന്നത്. സ്‌കൂളിലെ അഞ്ച് സ്‌ട്രോങ് റൂമുകൾക്കും ശക്തമായ പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.