കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം; ഇന്ന് തലശ്ശേരിയിൽ പൊതുദർശനം
ചെന്നൈ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ (68) മൃതദേഹം ഇന്ന് 11 മണിക്ക് ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിൽ കണ്ണൂരിലെത്തിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി വൈകും വരെ തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
മൃതദേഹം നാളെ രാവിലെ 10 മണിക്ക് കോടിയേരിയുടെ വീട്ടിലെത്തിക്കും. രാവിലെ 11 മുതൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിന് കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും. ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ, മാഹി നിയോജകമണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കും.
അർബുദ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. പാൻക്രിയാറ്റിക് കാൻസർ മൂർച്ഛിച്ചതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ച അദ്ദേഹത്തെ ഓഗസ്റ്റ് 29നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.