സിപിഎം അതികായന് വിട; കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
ചെന്നൈ: സിപിഎം മുൻ സംസ്ഥാന അധ്യക്ഷനും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയിരുന്നു.
കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.
പതിനാറാം വയസ്സില്‍ സി.പി.എം. അംഗത്വം എടുത്ത കോടിയേരി പില്‍ക്കാലത്ത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിര്‍ണായകപദവികളില്‍ എത്തിച്ചേര്‍ന്നു. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001-ല്‍ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പുമന്ത്രിയായിരുന്നു. പാര്‍ട്ടിയില്‍ വിഭാഗീയത കൊടികുത്തിവാണകാലമായിരുന്നു അത്. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും തമ്മില്‍ ഇടവേളകളില്ലാതെ കൊമ്പുകോര്‍ത്തിരുന്ന സമയം മധ്യസ്ഥന്റെ റോള്‍ കൂടി കോടിയേരി ഭംഗിയായി നിര്‍വഹിച്ചു.