കർപ്പൂരക്കുടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ജീപ്പ് മറിഞ്ഞു; ആറുപേർക്ക് പരിക്ക്
Election campaign jeep overturns; Six people were injured
മറയൂർ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലമുകളിലെ കുടിയിൽ പോയി മടങ്ങിയ പാർട്ടി പ്രവർത്തകർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ആറുപേർക്ക് പരിക്കേറ്റു.
മറിഞ്ഞ ജീപ്പ് ഒരു മരത്തിൽ തട്ടിനിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
മറയൂർ പഞ്ചായത്തിൽ കർപ്പൂരക്കുടി ഗോത്രവർഗ കോളനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യു.ഡി.എഫ്. പ്രവർത്തകരാണ് ശനിയാഴ്ച രാവിലെ 10-ന് അപകടത്തിൽപ്പെട്ടത്.
പള്ളനാട് സ്വദേശികളായ കോൺഗ്രസ് വാർഡ് പ്രസിഡന്റ് സേവ്യർ (56), പേച്ചിമുത്തു (43), മുനിയാണ്ടി (55), മണി (56), പുളിക്കരവയൽ സ്വദേശി ഉദുമാൻ (56), കർപ്പൂരക്കുടി സ്വദേശി കന്തസ്വാമി (68) എന്നിവർക്കാണ് പരിക്കേറ്റത്.
കുടിയിലെ വീടുകളിൽ നോട്ടീസ് കൊടുത്തശേഷം അടിമാലിയിൽ രാഹുൽഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാനായി മടങ്ങിവരവേയാണ് നിയന്ത്രണം വിട്ട ജീപ്പ് രണ്ടു തവണ മറിഞ്ഞ് മരത്തിൽ ഇടിച്ചുനിന്നത്.
മരത്തിൽ ഇടിച്ചുനിന്നില്ലായിരുന്നുവെങ്കിൽ അഞ്ഞൂറടി താഴ്ചയിലേക്ക് ജീപ്പ് വീഴുമായിരുന്നു.
പരിക്കേറ്റവരെ മറ്റൊരു വാഹനത്തിൽ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കന്തസ്വാമിയെയും മണിയെയും വിദഗ്ധചികിത്സക്കായി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.