വിമുക്തി:കുമളിയില്‍ ജനജാഗ്രത സമിതികള്‍ രൂപീകരിച്ചു
ലഹരി ഉപയോഗത്തിനെതിരെ എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തല, വാര്‍ഡ് തല ജനജാഗ്രത സമിതികള്‍ രൂപീകരിച്ചു. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് എക്സൈസ് വകുപ്പ് വിപുലമായ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ലഹരിക്കെതിരായ പോരാട്ടത്തില്‍ ഉദ്യോഗസ്ഥരെക്കാൾ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കും. ഇതിനാലാണ് ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ജനജാഗ്രത സമിതികള്‍ രൂപീകരിക്കുന്നതെന്നും യോഗം നിരീക്ഷിച്ചു. ഇതോടനുബന്ധിച്ച് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലഹരി വിപത്തിനെക്കുറിച്ച് ചര്‍ച്ചയും സംഘടിപ്പിച്ചു. ലഹരി ഉപയോഗമോ വിതരണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികൾക്ക് വിശദീകരിച്ചു നൽകി. എക്‌സൈസ് കൂടുതല്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെട്ടു. ലഹരി ഉപയോഗം തടയാന്‍ വിപുലമായ പദ്ധതികളാണ് പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്നത്.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍, വൈസ് പ്രസിഡന്റ് വി. കെ. ബാബുക്കുട്ടി, സെക്രട്ടറി സെന്‍കുമാര്‍, എക്സൈസ് വണ്ടിപെരിയാര്‍ റേഞ്ച് പ്രിവന്റ്റീവ് ഓഫിസര്‍ ബെന്നി ജോസഫ്, വനിതാ സി.ഐ. ശശികല, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം;
കുമളി ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന ജന ജാഗ്രത സമിതി രൂപീകരണ യോഗം.