പി എഫ് ഐ ഹർത്താൽ കട്ടപ്പനയിൽ പൂർണം
കട്ടപ്പന: പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ വാണിജ്യ നഗരമായ കട്ടപ്പനയിൽ പൂർണം.കച്ചവടസ്ഥാപനങ്ങൾ ഒന്നും തന്നെ തുറന്നില്ല.എന്നാൽ ദീർഘ ദൂര കെ എസ് ആർ റ്റി സി ബസുകളും ചില ഓട്ടോ -ടാക്സികളും സർവീസ് നടത്തി.പുതിയ ബസ്റ്റാന്റ് ഭാഗത്ത് ഏതാനും വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചതൊഴിച്ചാൽ മറ്റെല്ലായിടത്തും കടകൾ അടഞ്ഞു കിടന്നു.രാവിലെ നിരത്തുകളിൽ ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഓടിയതെങ്കിലും 10 മണിയോടെ വാഹനങ്ങൾ നിരത്തുകളിൽ സജീവമായി.ഏതാനും ഓട്ടോ- ടാക്സി വാഹനങ്ങളും,ദീർഘദൂര കെ എസ് ആർ റ്റി സി ബസുകളും സർവീസ് നടത്തി.കട്ടപ്പന സബ് ഡിപ്പോയിൽ നിന്നുള്ള 41 സർവിസുകളിൽ 21 എണ്ണം മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്.എന്നാൽ സ്വകാര്യ ബസുകൾ ഒന്നുപോലും സർവീസ് നടത്തിയില്ല.അതെ സമയം വ്യാഴാഴ്ച രാത്രിയിൽ പി എഫ് ഐ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയതൊഴിച്ചാൽ ഹർത്താൽ ദിനത്തിൽ പ്രവർത്തകർ ആരും തന്നെ വാഹനങ്ങൾ തടയുവാനും പ്രതിഷേധിക്കുവാനും എത്തിയില്ല.ഹർത്താൽ ദിനത്തിൽ യാത്രക്കാർക്കും,തുറന്ന് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും സുരക്ഷ ഒരുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു.ഇതേ തുടർന്ന് ടൗൺ കനത്ത പൊലീസ് കാവലിലായിരുന്നു.സ്വകാര്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചില്ലെങ്കിലും കട്ടപ്പനയിലെ സർക്കാർ സ്ഥാനങ്ങൾ പ്രവർത്തിച്ചു.എന്നാൽ പലയിടത്തും ഹാജർനില നന്നേ കുറവായിരുന്നു.സ്വകാര്യ-സർക്കാർ സ്കൂളുകളും പ്രവർത്തിച്ചില്ല.ജില്ലാ പി എസ് സി ഓഫീസിൽ 40 ജീവനക്കാർ ഉള്ളതിൽ 20 പേർ മാത്രമാണ് ഹാജരായത്.