സ്കൂൾ കലാ, കായിക, ശാസ്ത്ര മേളകൾക്ക് ലോഗോ ക്ഷണിച്ചു
തിരുവനന്തപുരം: നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനും ഡിസംബർ 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനും ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് അനുയോജ്യമായ ലോഗോ ക്ഷണിച്ചു.
ലോഗോ തയ്യാറാക്കി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും നൽകാം. ശാസ്ത്രോത്സവം, കലോൽസവം, കായികോത്സവം എന്നിവയ്ക്ക് പ്രത്യേകം ലോഗോ തയ്യാറാക്കണം. താൽപ്പര്യമുള്ളവർക്ക് മൂന്ന് വിഭാഗങ്ങളിലും പങ്കെടുക്കാം.
ലോഗോയിൽ അതത് മേളകളുടെ ചിഹ്നങ്ങളും മേളയുടെ തീയതിയും ഉൾപ്പെടുത്തണം. മേള നടക്കുന്ന ജില്ലയുടെ സ്വഭാവം ഉചിതമായ രീതിയിൽ ഉൾപ്പെടുത്താം. എഡിറ്റുചെയ്യാവുന്ന ഫോർമാറ്റിൽ ഒരു സിഡിയും A4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോ അയയ്ക്കുന്ന കവറിന്റെ പുറത്ത് മേളയുടെ ലോഗോ ഏതാണ് എന്ന് പ്രത്യേകം എഴുതണം. ലോഗോകൾ ഒക്ടോബർ 15 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് തപാൽ വഴി ലഭ്യമാക്കണം. വിലാസം: സി.എ. സന്തോഷ്, അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ്, ജഗതി, തിരുവനന്തപുരം – 695 014.
സംസ്ഥാനത്തെ ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ സൃഷ്ടിപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വിഭാഗത്തിൽപ്പെട്ടവരെ ആത്മകഥ, സയൻസ് ഫിക്ഷൻ, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ, പെയിന്റിംഗുകൾ/ കളർ പെയിന്റിംഗുകൾ എന്നിവയ്ക്കുള്ള അവാർഡിന് ക്ഷണിക്കുന്നു. പ്രസ്തുത കൃതികളുടെ നാല് പകർപ്പുകൾ സ്വന്തം സൃഷ്ട്ടി ആണെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം കമ്മിഷണർ, വികലാംഗർക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി.9/1023(1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ സമർപ്പിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന കലാസൃഷ്ടികൾ അവാർഡിന് പരിഗണിക്കില്ല.