ഭർത്താവും ഭാര്യയും നാല് മക്കളും രോഗികൾ; എന്തുചെയ്യണമെന്നറിയാതെ സങ്കടക്കടലിൽ ഒരുകുടുംബം


അടിമാലി: മാറാരോഗങ്ങളുടെ പിടിയിൽനിന്ന് രക്ഷനേടാൻ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അടിമാലി ഇരുമ്പുപാലം മെഴുകുംചാലിൽ സായ്ബൂത്തിയിൽ റെജി ശങ്കറും ഭാര്യ അരുന്ധതിയും നാല് കുട്ടികളും.
റെജി ശങ്കറിന് ഒരുവർഷംമുമ്പ് ഹൃദ്രോഗം വന്നു. ഒൻപതുമാസത്തിനിടെ മൂന്നുതവണ ഹൃദയാഘാതമുണ്ടായി. വസ്തുക്കൾവരെ വിറ്റ് ചികിത്സിക്കുന്നതിനിടയിലാണ് മൂന്നുമാസം മുൻപ് ഭാര്യ അരുന്ധതിയ്ക്ക് അർബുദം സ്ഥിരീകരിച്ചത്. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോ തെറാപ്പി ചെയ്യുന്നു.
ഇതിനിടെ, ഇവരുടെ നാലുമക്കളിൽ മൂന്ന് പെൺകുട്ടികൾക്ക് നട്ടെല്ലിന് വളവ് ഉണ്ടാകുന്ന സ്കോളിയോസിസ് രോഗം പിടിപെട്ടു. പിന്നാലെ മകന് പാൻക്രിയാസ് സംബന്ധമായ രോഗവും വന്നു. ഇതോടെ കുട്ടികളും ചികിത്സയിലാണ്.
സ്വന്തമായുള്ള അഞ്ചുസെന്റ് ഭൂമിയിൽ, പഞ്ചായത്തിന്റെ സഹായത്തോടെ ചെറിയ വീട് നിർമിക്കാനുള്ള ശ്രമത്തിനിടെയാണ് കുടുംബാംഗങ്ങൾ മുഴുവനും രോഗികളായത്.
വാളറയിലെ സ്പൈസ് ഗാർഡനിൽ ഗൈഡായിരുന്നു റെജി. ഭാര്യയേയും, കുട്ടികളേയും ചികിത്സിക്കേണ്ടതിനാൽ കൃത്യമായി ജോലിക്കുപോകാനും കഴിയാതായി. ഇപ്പോൾ ഭാര്യയുടെ ചികിത്സയ്ക്കായി കോട്ടയത്ത് വാടകവീട്ടിലാണ്. ഇവരുടെ കൂടെയുള്ള ഭാര്യാപിതാവിന് വൃക്കരോഗത്തിന് ഡയാലിസിസ് ചെയ്യുന്നു.
തുടർചികിത്സയ്ക്ക് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ. ഇതിനായി, റെജിയുടെ ഭാര്യ അരുന്ധതിയുടെ പേരിൽ അടിമാലി എസ്.ബി.ഐ. ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ-37593055585. ഐ.എഫ്.എസ്.സി. കോഡ്- SBIN0008588. ഗൂഗിൾ പേ നമ്പർ-9539308809.