ആര്യനാട് പൊലീസ് സ്റ്റേഷനില്‍ വനിതാ പൊലീസുകാര്‍ തമ്മില്‍ തര്‍ക്കം.
തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനില്‍ വനിതാ പൊലീസുകാര്‍ തമ്മില്‍ തര്‍ക്കം. പ്രണയിച്ച് ഒളിച്ചോടിയ കേസില്‍ ഉള്‍പ്പെട്ടവരെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാക്കേറ്റം.
വനിതാ എസ്‌ഐയുടെ മുന്നില്‍വച്ചാണ് സീനിയോറിറ്റി സംബന്ധിച്ച പ്രശ്നങ്ങള്‍ വാക്കേറ്റത്തിലെത്തിയത്.
‘എനിക്ക് സൗകര്യമില്ല ചെയ്യാന്‍’ എന്ന് ഒരാള്‍ മറ്റേയാളോട് ദേഷ്യത്തില്‍ പറയുന്നത് വിഡിയോ ദൃശ്യങ്ങളിലുണ്ട്. സ്റ്റേഷനില്‍ ഉണ്ടായിരുന്നവരാണ് വിഡിയോ ചിത്രീകരിച്ചത്. തര്‍ക്കത്തിനൊടുവില്‍ എസ്‌ഐ നിര്‍ദേശിച്ച പൊലീസുകാരി കേസില്‍ ഉള്‍പ്പെട്ടവരെ കോടതിയില്‍ ഹാജരാക്കി.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. വിവാഹിതനായ ആള്‍ 18 വയസ്സുകാരിയുമായി ഒളിച്ചോടുകയും വീട്ടുകാരുടെ പരാതിയില്‍ പൊലീസ് ഇവരെ കണ്ടെത്തുകയും ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ എസ്‌ഐ നിര്‍ദേശിച്ചു. ഇതിനുശേഷമാണ് ആരു കോടതിയില്‍ പോകുമെന്നതിനെച്ചൊല്ലി തര്‍ക്കം ഉണ്ടായത്. സീനിയര്‍-ജൂനിയര്‍ പ്രശ്നമാണ് തര്‍ക്കത്തിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.