ഇയാളിപ്പോ ഇതെന്തിനാ വിളിക്കുന്നത്? ചില സാഹചര്യങ്ങളില്‍ ആരെങ്കിലും ഫോണ്‍ വിളിക്കുമ്പോള്‍ നമ്മള് അറിയാതെ ചോദിച്ചുപോവാറുണ്ട്. നമ്മളുടെ സാഹചര്യം എന്താണെങ്കിലും വിളിക്കുന്നയാള്‍ ചിലപ്പോള്‍ എന്തെങ്കിലും അത്യാവശ്യ കാര്യത്തിനായാവാം വിളിക്കുന്നത്.ഇത്തരം സാഹചര്യങ്ങളില്‍ വിളിക്കുവാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് ഒരാളെ ഫോണ്‍വിളിക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കോളര്‍ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളര്‍. കോള്‍ റീസണ്‍ ഫീച്ചര്‍ എന്നാണിതിന് പേര്. ഇതുവഴി ഫോണ്‍ വിളിക്കുന്നയാള്‍ക്ക് വിളിക്കുന്നതിനുള്ള കാരണം പറയാനും ഫോണ്‍ എടുക്കുന്നതിന് മുമ്പ് മറുപുറത്തുള്ളയാള്‍ക്ക് ഫോണ്‍വിളിയുടെ കാരണം മനസിലാക്കാനും സാധിക്കും. ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചതെന്ന് കമ്പനി പറയുന്നു. ഫോണ്‍ വിളിക്കുന്നതിനുള്ള കാരണം മുന്‍കൂട്ടി മനസിലാക്കി ഉപയോക്താക്കള്‍ കോള്‍ അറ്റന്റ് ചെയ്യുന്നത് വര്‍ധിക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. ലോകത്തെമ്പാടുമുള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കളിലേക്ക് ഈ ഫീച്ചര്‍ അപ്ഡേറ്റ് എത്തിച്ചുവരികയാണ്. ഈ ഫീച്ചര്‍ ഉപയോഗപ്പെടണമെങ്കില്‍ ഫോണ്‍ വിളിക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനും ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഉണ്ടായിരിക്കണം. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ആപ്ലിക്കേഷന്‍ സെറ്റിങ്സില്‍ അത് ഓഫ് ചെയ്ത് വെക്കാവുന്നതാണ്. ഫോണ്‍കോള്‍ നോട്ടിഫിക്കേഷനൊപ്പവും മിസ്ഡ് കോള്‍ ലിസ്റ്റിലും ഫോണ്‍ വിളിക്കാനുള്ള കാരണം കാണാന്‍ സാധിക്കും.
Check Also
Close