പുണെ∙ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചതിൽ വൺഡൗണായെത്തി തകർത്തടിച്ച െബൻ സ്റ്റോക്സ് വഹിച്ച പങ്ക് ചെറുതല്ല. മാൻ ഓഫ്‍ ദ് മാച്ച് പുരസ്കാരം സെഞ്ചുറിനേട്ടത്തിന്റെ ബലത്തിൽ ജോണി ബെയർസ്റ്റോ കൊണ്ടുപോയെങ്കിലും, ഇന്ത്യൻ ബോളർമാരുടെ ആത്മവീര്യം കെടുത്തി ഇംഗ്ലിഷ് വിജയത്തിന് അടിത്തറയിട്ടതിന്റെ ക്രെഡിറ്റ് ബെൻ സ്റ്റോക്സിനാണ്. ഒറ്റ റണ്ണിന് സെഞ്ചുറി നഷ്ടമായെങ്കിലും വെറും 52 പന്തിൽനിന്ന് നാലു ഫോറും 10 പടുകൂറ്റൻ സിക്സറുകളും സഹിതം 99 റൺസെടുത്ത സ്റ്റോക്സിന്റെ പ്രകടനം സൃഷ്ടിച്ച ഇംപാക്ട് ചെറുതല്ല.
എന്നാൽ, വ്യക്തിഗത സ്കോർ 32ൽ നിൽക്കെ ബെൻ സ്റ്റോക്സിനെ റണ്ണൗട്ടിൽനിന്ന് രക്ഷപ്പെടുത്തിയ തേഡ് അംപയർ അനിൽ ചൗധരിയുടെ തീരുമാനം തീർത്തും തെറ്റായിരുന്നുവെന്ന ആരോപണം ശക്തമാകുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ആദ്യം ആരാധകരിൽ ചിലരാണ് സ്റ്റോക്സ് പുറത്തല്ലെന്ന തേഡ് അംപയറിന്റെ തീരുമാനത്തെ ചോദ്യം ചെയ്തതെങ്കിൽ, ഇപ്പോൾ ഇന്ത്യയുടെ മുൻ താരങ്ങളിൽ ചിലരും സമാനമായ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇംഗ്ലിഷ് ഇന്നിങ്സിലെ 26–ാം ഓവറിൽ ഭുവനേശ്വർ കുമാറിന്റെ പന്തിൽ കുൽദീപ് യാദവ് സ്റ്റോക്സിനെ റണ്ണൗട്ടാക്കിയിരുന്നുവെന്നാണ് ഇവരുടെ വാദം. നീണ്ട പരിശോധയ്ക്കു ശേഷം തേഡ് അംപയർ സ്റ്റോക്സ് ഔട്ടല്ലെന്ന് വിധിച്ചെങ്കിലും അത് ശരിയല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഭുവനേശ്വർ കുമാർ എറിഞ്ഞ 26–ാം ഓവറിലെ അഞ്ചാം പന്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. പന്ത് നേരിട്ട സ്റ്റോക്സ് അത് മിഡ് വിക്കറ്റ് ഏരിയയിലേക്ക് തട്ടിയിട്ട് റൺസിനായി ഓടി. അനായാസമായി രണ്ട് റൺസ് നേടാൻ അവസരമുണ്ടായിരുന്നെങ്കിലും ക്രീസിലേക്ക് തിരികെ ഓടുന്നതിനിടെ സ്റ്റോക്സ് അൽപം അലംഭാവം കാട്ടിയതോടെയാണ് രംഗം വഷളായത്. ഡീപ് മിഡ് വിക്കറ്റിൽനിന്ന് പന്ത് ഫീൽഡ് ചെയ്ത കുൽദീപ് യാദവിന്റെ നേരിട്ടുള്ള ഏറ് വന്നുപതിച്ചത് സ്റ്റംപിൽ. സ്റ്റോക്സ് അവസാന നിമിഷം ക്രീസിലേക്ക് ബാറ്റ് നീട്ടിയെങ്കിലും ആശയക്കുഴപ്പം നിലനിന്നതിനാൽ അംപയർ അന്തിമ തീരുമാനം തേഡ് അംപയറിനു വിട്ടു.
റീപ്ലേ പരിശോധിച്ച തേഡ് അംപയറിനും ഇക്കാര്യത്തിൽ പെട്ടെന്നൊരു തീരുമാനത്തിൽ എത്താനായില്ല. സ്റ്റോക്സ് ക്രീസിലേക്ക് ബാറ്റു നീട്ടുന്നതിന്റെ വിവിധ ആംഗിളുകളിൽനിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച തേഡ് അംപയർ അൽസം സമയമെടുത്താണ് അന്തിമ തീരുമാനത്തിലെത്തിയത്. സ്റ്റോക്സ് ഔട്ടല്ല എന്നായിരുന്നു ആ തീരുമാനം. തുടർന്ന് 40 പന്തിൽനിന്ന് അർധസെഞ്ചുറി പൂർത്തിയാക്കിയ സ്റ്റോക്സ്, അവിടുന്നങ്ങോട്ട് സിക്സർ മഴ പെയ്യിച്ച് വെറും 11 പന്തുകളിൽനിന്ന് അടിച്ചുകൂട്ടിയത് 49 റൺസാണ്! മത്സരം ഇന്ത്യയിൽനിന്ന് തട്ടിയെടുത്തതും സ്റ്റോക്സിന്റെ കടന്നാക്രമണം തന്നെ. രണ്ടാം വിക്കറ്റിൽ ജോണി ബെയർസ്റ്റോയ്ക്കൊപ്പം വെറും 117 പന്തിൽനിന്ന് 175 റൺസാണ് സ്റ്റോക്സ് അടിച്ചുകൂട്ടിയത്. സ്റ്റോക്സ് പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ട് തകർച്ചയിലേക്കു നീങ്ങിയെങ്കിലും അപ്പോഴേക്കും അവർ വിജയത്തിന് തൊട്ടടുത്തെത്തിയത് തുണയായി.
എന്നാൽ, അംപയറിന്റെ നോട്ടൗട്ട് തീരുമാനം ആരാധകരെ ഞെട്ടിച്ചു എന്നതാണ് വാസ്തവം. ആരാധകർക്കു പിന്നാലെ അംപയറിന്റെ തീരുമാനത്തിൽ അതിശയം രേഖപ്പെടുത്തി ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്, സഞ്ജയ് മഞ്ജരേക്കർ, ഇംഗ്ലിഷ് താരങ്ങളായ ഇയാൻ ബെൽ, മൈക്കൽ വോൺ എന്നിവരെല്ലാം രംഗത്തെത്തി.