വിവാദ ബസ് കാത്തിരിപ്പുകേന്ദ്രം ഒടുവില്‍ നഗരസഭ പൊളിച്ചുമാറ്റി.
തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ഇരിപ്പിടം മുറിച്ചുമാറ്റിയ ശ്രീകാര്യം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിന് (സി ഇ ടി) മുന്നിലെ വിവാദ ബസ് കാത്തിരിപ്പുകേന്ദ്രം ഒടുവില്‍ നഗരസഭ പൊളിച്ചുമാറ്റി.
ഇരിപ്പിടം പൊളിച്ചുമാറ്റി ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന തരത്തിലുള്ള മൂന്ന് ചെറുബെഞ്ചുകളാക്കി മാറ്റിയതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നാണ് പ്രതിഷേധിച്ചത്. കാത്തിരിപ്പുകേന്ദ്രത്തിലെ ബെഞ്ച് മുറിച്ചുമാറ്റിയ നടപടിക്കെതിരെ കക്ഷിഭേദമില്ലാതെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഒരുമിച്ചിരിക്കുന്ന ഫോട്ടോ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു. അടുത്തിരിക്കാനല്ലേ വിലക്കുളളൂ, മടിയില്‍ ഇരിക്കാലോ എന്ന ക്യാപ്ഷനോട് കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. യുവജന സംഘടനകളടക്കം നിരവധിയാളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തു വരികയും ചെയ്തു.
നിലവിലെ കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ളത് സ്ഥാപിക്കുമെന്ന് അന്ന് മേയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാക്കുകൊടുത്തിരുന്നു. എന്നാല്‍ നപടി നീണ്ടുപോയി. ഇതിനിടെ റസിഡന്റ്സ് അസോസിയേഷന്‍ കാത്തിരിപ്പുകേന്ദ്രം നവീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാത്തിരിപ്പുകേന്ദ്രം നഗരസഭ പൂര്‍ണമായും പൊളിച്ചുമാറ്റിയത്.