താഴ്ച്ചയിലേക്ക് പതിച്ച പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപെട്ടു;
The girl who fell into the abyss miraculously escaped
കുളമാവ്: ഒരുമിച്ച് എത്തിയ പെണ്‍കുട്ടിയെ നാടുകാണി പവലിയന് സമീപം പാറക്കെട്ടില്‍ നിന്ന് യുവാവ് തള്ളി വീഴ്ത്തി. സംഭവത്തില്‍ ആരോപണ വിധേയനായ യുവാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. 200 അടിയോളം താഴ്ചയിലേയ്ക്ക് വീണ പെണ്‍കുട്ടി ഗുരുതര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം എന്ന് കരുതുന്നതായി പോലീസ് പറയുന്നു. കാഞ്ഞാര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് നാടുകാണി പവലിയന് 200 അടി താഴ്ഭാഗത്തായി അവശനിലയില്‍ കണ്ടെത്തിയത്. സമീപത്തെ മരത്തില്‍ മേലുകാവ് ഇല്ലിക്കല്‍ (മുരിക്കന്‍ തോട്ടത്തില്‍) അലക്‌സി (23)നെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നാടുകാണി പവലിയന് സമീപം പാറക്കെട്ടില്‍ അലക്‌സും പെണ്‍കുട്ടിയും സംസാരിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്നുള്ള പ്രകോപനത്തില്‍ അലക്‌സ് പെണ്‍കുട്ടിയെ പിടിച്ചു തള്ളി. ഇതിനിടെ പെണ്‍കുട്ടി താഴേയ്ക്ക് വീഴുകയായിരുന്നു. പാറക്കെട്ടിലൂടെ താഴേയ്ക്ക് പതിച്ച പെണ്‍കുട്ടി ബോധരഹിതയായി. പാറക്കെട്ടിലൂടെ ഇറങ്ങി പെണ്‍കുട്ടിയുടെ അടുത്തെത്തിയ യുവാവ് ബോധരഹിതയായ പെണ്‍കുട്ടിയെ കണ്ട് മരണപ്പെട്ടെന്ന് കരുതി ആത്മഹത്യ ചെയ്തിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി അവശനിലയില്‍ കാണപ്പെട്ട സ്ഥലത്ത് മരത്തില്‍ യുവാവ് സ്വന്തം പാന്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. വ്യാഴാഴ്ച പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി കാഞ്ഞാര്‍ പോലീസിലും യുവാവിനെ കാണാനില്ലെന്ന് മേലുകാവ് പോലീസിലും പരാതി കിട്ടിയിരുന്നു. ഇതിനിടെയാണ് നാടുകാണിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ടെത്തിയതായി കുളമാവ് പോലീസിന് അറിയിപ്പ് കിട്ടുന്നത്. അന്വേഷണത്തിനിടയില്‍ പവലിയന് സമീപത്തെത്തിയ പോലീസ് പെണ്‍കുട്ടിയുടെ പേര് ചൊല്ലിവിളിക്കുകയും കുട്ടിയുടെ കരച്ചില്‍ കേട്ട് എസ്. ഐ മാരായ മനോജ്, ഐസക്, സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് എന്നിവര്‍ പാറക്കെട്ടിലൂടെ ഇറങ്ങിച്ചെന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൂലമറ്റത്തു നിന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി സാഹസികമായി പെണ്‍കുട്ടിയെ മുകളിലെത്തിച്ചു. പെണ്‍കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. യുവാവ് തള്ളി വീഴ്ത്തിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസും പറഞ്ഞു.