പ്രധാന വാര്‍ത്തകള്‍
മലങ്കര ടൂറിസം വിപുലീകരിക്കാൻ 98.5 ലക്ഷം രൂപ വേണമെന്ന് റിപ്പോർട്ട്.


മുട്ടം∙ മലങ്കര ടൂറിസം വിപുലീകരിക്കാൻ 98.5 ലക്ഷം രൂപ വേണമെന്ന് റിപ്പോർട്ട്. കേരള സ്റ്റേറ്റ് ഇൻലാന്റ് നാവിഗേഷൻ കോർപറേഷൻ (കെഎസ്‌ഐഎൻസി) എംവിഐപിക്കു നൽകിയ റിപ്പോർട്ടിലാണ് പരാമർശം. 25 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന സൗരോർജ ബോട്ടിന് 50 ലക്ഷം രൂപയും ഫ്ലോട്ടിങ് ജെട്ടി സഹിതമുള്ള മറ്റു ചെലവുകൾക്കായി 48.5 ലക്ഷം രൂപയും ചെലവാകുമെന്നാണു കണക്കാക്കിയിരിക്കുന്നത്.
ജൂണിൽ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മലങ്കര ടൂറിസം പദ്ധതി അടിയന്തരമായി വിപുലീകരിക്കാനും ജലാശയത്തിൽ സോളർ ബോട്ട് ഇറക്കാനും തീരുമാനിച്ചത്. ലാഭവിഹിതം നൽകിയാൽ സഹകരണബാങ്കുകൾ ബോട്ട് ഇറക്കാൻ ഒരുക്കമാണ്. ഇതിനായി എംവിഐപിക്ക് സഹകരണ ബാങ്കുകൾ കത്തു നൽകിയെങ്കിലും അനുകൂലമായ തീരുമാനം എടുക്കാൻ എംവിഐപി തയാറായിട്ടില്ല.