മൂല്യവർധിത കൃഷിക്ക് ഒരു ‘വാം’ അപ്; വാല്യു ആഡഡ് അഗ്രികൾചർ മിഷൻ (വാം) രൂപീകരിക്കും


കർഷകരുടെ വരുമാനവർധന ഉറപ്പാക്കുന്നതിന് മൂല്യവർധിത കൃഷി മിഷൻ (വാല്യു ആഡഡ് അഗ്രികൾചർ മിഷൻ – വാം) രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉൽപാദനക്ഷമത വർധിപ്പിച്ച് വരുമാനം ഇരട്ടിയാക്കുകയാണു ലക്ഷ്യം. ഇതിനായി മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യയും വിപണനശൃംഖല വികസിപ്പിച്ചെടുക്കാൻ സാമ്പത്തിക സഹായവും ലഭ്യമാക്കും.
അവസരങ്ങൾ, വിപണി, സാങ്കേതിക വശങ്ങൾ എന്നിവ പരിഗണിച്ച് പ്രത്യേകം ഇടപെടേണ്ട മേഖലകൾ കണ്ടെത്തി മൂല്യവർധിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക വർക്കിങ് ഗ്രൂപ്പുകൾ രൂപീകരിക്കും. ഗുണനിലവാര നിയന്ത്രണം, ബ്രാൻഡിങ്, ലേബലിങ് തുടങ്ങിയവ ഉറപ്പാക്കും. യന്ത്രവൽകൃത വികസനം, വിള ഇൻഷുറൻസ്, സാങ്കേതികവിദ്യകളുടെ ഉപയോഗം തുടങ്ങിയവയും ശ്രദ്ധിക്കും.
മുഖ്യമന്ത്രി അധ്യക്ഷനായി ഗവേണിങ് ബോഡി
‘വാം’ പ്രവർത്തനത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായും കൃഷി, വ്യവസായ മന്ത്രിമാർ ഉപാധ്യക്ഷൻന്മാരായും, ധനകാര്യ, തദ്ദേശഭരണ, സഹകരണ, ജലവിഭവ, മൃഗസംരക്ഷണ, ഫിഷറീസ്, വൈദ്യുതി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിമാർ അംഗങ്ങളുമായുള്ള ഗവേണിങ് ബോഡി രൂപീകരിക്കും. സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കോഓർഡിനേറ്ററെ നിയമിക്കും. കൃഷി വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥനെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറാക്കും.
കേരളത്തെ ഗൾഫിന്റെ അടുക്കളയാക്കും
വ്യവസായ വകുപ്പിന്റെയും നോർക്കയുടെയും സഹായത്തോടെ കേരളത്തെ ‘ഗൾഫിന്റെ അടുക്കള’യായും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ ‘ഫ്രൂട്ട് പ്ലേറ്റാ’യും വിഭാവനം ചെയ്ത് കേരളത്തിന്റെ തനതു ഭക്ഷണം രാജ്യാന്തരതലത്തിൽ ബ്രാൻഡ് ചെയ്ത് വിപണനം ചെയ്യാനും ഉദ്ദേശിക്കുന്നു.