യുക്രൈന്‍ പ്രസിഡന്റിന് വാഹനാപകടത്തില്‍ പരിക്ക്
കീവ്: യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ കാർ അപകടത്തിൽപ്പെട്ടു. തലസ്ഥാന നഗരമായ കീവിലൂടെ യാത്ര ചെയ്യുന്നതിനിടെ വ്യാഴാഴ്ചയാണ് സംഭവം. അപകടത്തിൽ സെലെൻസ്കിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് പ്രസിഡന്‍റിന്‍റെ വക്താവ് സെർജി വിക്കിഫെറോവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ച സെലെൻസ്കിയുടെ വാഹനവ്യൂഹത്തിന് നേരെ കീവിൽ വച്ച് മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയ ശേഷം ഒപ്പമുണ്ടായിരുന്ന ആംബുലൻസിലേക്ക് അദ്ദേഹത്തെ മാറ്റി. ഡോക്ടർമാർ പരിശോധിച്ചെങ്കിലും ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി വിക്കിഫെറോവ് പറഞ്ഞു.
യുക്രൈനിൽ റഷ്യൻ സൈന്യം ഇപ്പോൾ പല പ്രദേശങ്ങളിൽ നിന്നും പിന്തിരിയുന്നുണ്ട്. അധിനിവേശ പ്രദേശങ്ങളിൽ പലതും യുക്രൈൻ സൈന്യം തിരിച്ചുപിടിച്ചു. റഷ്യൻ സൈന്യം പലയിടത്തുനിന്നും പിൻവാങ്ങി.