ആന്ധ്രയിൽ നിന്നെ എത്തിച്ച 80 കിലോ കഞ്ചാവ് പിടികൂടി ; തൊടുപുഴയിൽ നാല് പേർ അറസ്റ്റിൽ


1500 കിലോയോളം കൊണ്ടുവന്ന് പലഭാഗത്തും കച്ചവടം നടത്തിയതിന് ശേഷം ബാക്കിവന്ന കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്
ഇടുക്കി : തൊടുപുഴയ്ക്കടുത്ത് കലൂരില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശില്‍ നിന്ന് തൊടുപുഴയ്ക്ക് കൊണ്ടുവന്ന 80 കിലോ കഞ്ചാവ് ലോറിയില്‍ നിന്നും പിടികൂടി. സംഭവത്തില്‍ അച്ഛനും മകനുമടക്കം നാല് പേര്‍ എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായി.
കാളിയാര്‍ സ്വദേശി മലയില്‍ മുണ്ടയില്‍ വീട്ടില്‍ തങ്കപ്പന്‍, മകന്‍ അരുണ്‍ തങ്കപ്പന്‍, പടിഞ്ഞാറേ കോടിക്കുളം സ്വദേശി നിതിന്‍ വിജയന്‍, വണ്ണപ്പുറം ചീങ്കല്‍സിറ്റി സ്വദേശി അബിന്‍സ് എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് സെന്‍ട്രല്‍ സോണ്‍ കമ്മിഷണര്‍ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് പിടികൂടിയത്.ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന 80 കിലോ കഞ്ചാവ് പിടികൂടി
ആന്ധ്രാപ്രദേശില്‍ നിന്നും ഒരു കിലോ കഞ്ചാവ് 3000 രൂപയ്ക്ക് വാങ്ങി കേരളത്തില്‍ 20,000 മുതല്‍ 35,000 രൂപ വരെ നിരക്കിലാണ് ഇവര്‍ വിറ്റിരുന്നത്. ആന്ധ്രയില്‍ ആഴ്‌ചകളോളം തങ്ങി കഞ്ചാവ് ശേഖരിച്ച് എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും എത്തിച്ച് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. 1500 കിലോയോളം കൊണ്ടുവന്ന് പലഭാഗത്തും കച്ചവടം നടത്തിയതിന് ശേഷം ബാക്കിവന്ന കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.
സംഘത്തിന് നേതൃത്വം നല്‍കുന്ന ഇടുക്കി സ്വദേശി നാസര്‍ എന്നയാളെക്കുറിച്ച് എക്സൈസ് സംഘം അന്വേഷണം നടത്തിവരികയാണ്. ഇടനിലക്കാര്‍ക്ക് കച്ചവടം ചെയ്യുന്നതിന് വേണ്ടിയാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവരുന്നതെന്ന് എക്സൈസ് സെന്‍ട്രല്‍ സോണ്‍ കമ്മിഷണര്‍ സ്ക്വാഡ് സിഐ പി ജുനൈദ് പറഞ്ഞു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും പരിശോധന ശക്തമാക്കുമെന്നും അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണര്‍ ബി. ടെനിമോന്‍ പറഞ്ഞു.