മലിന ജലത്തിൽ പോളിയോ വൈറസ്; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു


ന്യൂയോർക്ക്: പോളിയോ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാസു കൗണ്ടിയിലെ മലിന ജലത്തിലാണ് വൈറസിന്‍റെ സാന്നിധ്യം വ്യാപകമായി കണ്ടത്. വൈറസ് വ്യാപനം തടയുന്നതിനും രോഗ പ്രതിരോധത്തിനുള്ള വാക്സിനേഷൻ പ്രക്രിയ സജീവമാക്കുന്നതിനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വാക്സിൻ അഡ്മിനിസ്ട്രേറ്റർമാരുടെ ശൃംഖലയിലേക്ക് അടിയന്തര ആരോഗ്യ പ്രവർത്തകർ, മിഡ് വൈഫ്, ഫാർമസിസ്റ്റുകൾ എന്നിവരെ കൂടി ഉപ്പെടുത്തിക്കൊണ്ട് ഗവർണർ കാത്തി ഹോചൽ ഉത്തരവ് നൽകി. ഡോക്ടർമാർക്കും നഴ്സുമാർക്കും പോളിയോ വാക്സിന് നിർദ്ദേശിക്കാമെന്നും ഉത്തരവിൽ പറയുന്നു.
പോളിയോയുടെ കാര്യത്തിൽ ഉരുണ്ടു കളിക്കാനാകില്ല. നിങ്ങൾക്കോ നിങ്ങളുടെ കുട്ടികൾക്കോ വാക്സിനേഷൻ നൽകിയിട്ടില്ലെങ്കിൽ അല്ലെങ്കിൽ പ്രതിരോധ കുത്തിവയ്പ്പുകളുടെ കാലക്രമം തെറ്റിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, പക്ഷാഘാതം ഉറപ്പാണ്. അതിനാൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തരുതെന്ന് ന്യൂയോർക്കിലുള്ളവരോട് അഭ്യർത്ഥിക്കുന്നതായി ആരോഗ്യ വിഭാഗം കമ്മീഷണർ മേരി ബാസെറ്റ് പറഞ്ഞു.