തെരുവ് നായ്ക്കളെ മെരുക്കണം; ഉന്നതതലയോഗവുമായി സംസ്ഥാന സര്‍ക്കാര്‍


തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഉന്നതതല യോഗം വിളിച്ചു. തെരുവുനായ്ക്കളുടെ ശല്യം മനുഷ്യജീവന് ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ സർക്കാർ ആലോചിക്കുന്നത്. നേരത്തെ സംഭവത്തിൽ സുപ്രീം കോടതിയും ഇടപെട്ടിരുന്നു.
തെരുവുനായ്ക്കളുടെ ശല്യം ചർച്ച ചെയ്യാൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്, ആരോഗ്യവിദഗ്ധർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വിഷയത്തിൽ സർക്കാർ ഇതുവരെ കൈക്കൊണ്ട തീരുമാനങ്ങളും നിർദ്ദേശങ്ങളും നടപടികളും സുപ്രീം കോടതിയെ അറിയിക്കുമെന്ന് യോഗത്തിന് മുന്നോടിയായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഏകദേശം മൂന്ന് ലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. ആക്രമണകാരികളായ നായ്ക്കളെ എങ്ങനെ കണ്ടെത്താം എന്നത് വലിയ വെല്ലുവിളിയാണ്. വിഷയത്തിൽ ഈ മാസം 28ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.