കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 56 ശതമാനം പേര്‍ക്കും മലയാളം ശരിയായി വായിക്കാനോ മനസ്സിലാക്കാനോ കഴിയുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 56 ശതമാനം പേര്‍ക്കും മലയാളം ശരിയായി വായിക്കാനോ മനസ്സിലാക്കാനോ കഴിയുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. അടിസ്ഥാനപഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന കേന്ദ്രപദ്ധതി ‘നിപുണ്‍ മിഷ’ന്റെ ഭാഗമായി, എന്‍.സി.ഇ.ആര്‍.ടി.യും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് സര്‍വേ നടത്തിയത്. സംസ്ഥാനത്തെ 104 സ്‌കൂളുകളിലെ 1,061 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ സംഘടിപ്പിച്ചത്.
റിപ്പോര്‍ട്ടുപ്രകാരം, കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 16 ശതമാനം പേര്‍ക്ക് മാത്രമാണ് മലയാളത്തില്‍ ശരാശരിക്കുമുകളില്‍ പ്രാവീണ്യമുള്ളത്. ഇക്കൂട്ടര്‍ക്ക് ഒരു മിനിറ്റ് സമയത്തിനുള്ളില്‍ അമ്ബത്തിയൊന്നോ അതിലധികമോ വാക്കുകള്‍ തെറ്റ് വരുത്താതെ വായിക്കാനും അര്‍ഥം മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. 28 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ശരാശരിയോടടുത്ത് പ്രാവീണ്യമുണ്ട്. ഇവര്‍ക്ക് ഒരു മിനിറ്റിനുള്ളില്‍ 28 മുതല്‍ 50 വരെ വാക്കുകള്‍ കൃത്യമായി വായിക്കാനും മനസ്സിലാക്കാനും കഴിയും.
എന്നാല്‍, ബാക്കി 56 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ശരിയായി വായിക്കനോ ഗ്രഹിക്കാനോ കഴിയുന്നില്ല. ഇവരില്‍ത്തന്നെ 17 ശതമാനം പേര്‍ക്ക് പത്തുവാക്കില്‍ കൂടുതല്‍ ഒരു മിനിറ്റിനുള്ളില്‍ അര്‍ഥം ഗ്രഹിച്ച് വായിക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഭാഗക്കാര്‍ക്ക് അടിസ്ഥാന അറിവ് വളരെ കുറവാണ്. അതിനാല്‍ പഠനവുമായി ബന്ധപ്പെട്ട അടിസ്ഥാന ഗ്രേഡ്-ലെവല്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.