ലോകത്തിന് ഭീഷണി; തകര്‍ച്ചയോടടുത്ത് അന്‍റാര്‍ട്ടിക്കയിലെ ‘ലോകാവസാന മഞ്ഞുപാളി’
അന്‍റാർട്ടിക്കയിലെ ഒരു മഞ്ഞുപാളിയുടെ തകർച്ച ലോകമെമ്പാടും വലിയ ആഘാതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒന്നാണ്. കോടിക്കണക്കിന് ലിറ്റർ ജലം സംഭരിച്ചിരിക്കുന്ന മഞ്ഞുപാളികൾ തകർന്ന് സമുദ്രത്തിൽ ചേരുമ്പോൾ, അത് ലോകമെമ്പാടുമുള്ള സമുദ്രങ്ങളിലെ ജലനിരപ്പിനെ ബാധിക്കുന്നു. അത്തരത്തിൽ അസാധാരണ വലുപ്പമുള്ള മറ്റൊരു പാളി ഇപ്പോൾ അന്‍റാർട്ടിക്കയിൽ തകർച്ചയുടെ വക്കിലാണ്. ഡൂംസ് ഡേ ഐസ് ഷീറ്റ് അല്ലെങ്കിൽ ലോകാവസാന മഞ്ഞുപാളിയെന്ന് വിശേഷിപ്പിക്കാവുന്ന ഈ മഞ്ഞുപാളിക്ക് ഇപ്പോൾ അന്‍റാർട്ടിക്കയുമായി നേർത്ത ബന്ധം മാത്രമേ ഉള്ളൂ. ത്വെയ്റ്റ്സ് ഗ്ലേസിയര്‍ എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന ഈ മഞ്ഞുപാളി സാഹിത്യഭാഷയില്‍ പറഞ്ഞാല്‍ അതിന്‍റെ നഖങ്ങളുടെ ബലത്തിലാണ് അന്‍റാര്‍ട്ടിക്കില്‍ പിടിച്ചു തൂങ്ങി നില്‍ക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
മേഖലയിൽ ഉപഗ്രഹത്തിന്‍റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് ഗവേഷകർ ഹിമപാളിയുടെ ദുർബലത തിരിച്ചറിഞ്ഞത്. പടിഞ്ഞാറൻ അന്‍റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ഈ മഞ്ഞുപാളിക്ക് ഏകദേശം ഫ്ലോറിഡയുടെ വലുപ്പമുണ്ട്. ഐസ് ഷീറ്റിന്‍റെ നിലവിലെ അവസ്ഥ മനസിലാക്കിയത് സാറ്റലൈറ്റ് ഇമേജറിക്കൊപ്പം സീ ഫ്ലോർ മാപ്പിംഗ് എന്ന സാങ്കേതികവിദ്യ കൂടി ഉപയോഗിച്ചാണ്. ഇതിലൂടെ, കാലഘട്ടത്തിന് മുന്‍പുള്ള ഈ മഞ്ഞുപാളിയുടെ സ്ഥിതി വരെ ഗവേഷകര്‍ മനസ്സിലാക്കി. ഇതിലൂടെയാണ് ഗവേഷകർ അന്നത്തെയും ഇന്നത്തെയും ഈ മഞ്ഞുപാളിയുടെ സ്ഥാനത്തിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞത്. ഗവേഷകരുടെ അഭിപ്രായത്തിൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ, ത്വെയ്റ്റ്സ് ഗ്ലേസിയര്‍ അന്‍റാർട്ടിക്കയിൽ നിന്ന് വേർപെട്ട് സമുദ്രത്തിലൂടെ ഒഴുകാൻ തുടങ്ങും.