മഹാഭാരതം വെബ് സീരീസാക്കാന് ഡിസ്നി ഹോട്സ്റ്റാര്; സ്ട്രീമിംഗ് 2024ല്
‘മഹാഭാരതം’ വെബ് സീരീസ് പ്രഖ്യാപിച്ച് ഡിസ്നി ഹോട്ട്സ്റ്റാർ. യുഎസിൽ നടന്ന ഡി 23 ഡിസ്നി ഫാൻ ഇവന്റിലാണ് പ്രഖ്യാപനം നടത്തിയത്. മധു മന്തേനയുടെ മിത്തോവേഴ്സ് സ്റ്റുഡിയോസും നടൻ അല്ലു അർജുന്റെ പിതാവിന്റെ നിർമ്മാണ കമ്പനിയായ അല്ലു എന്റർടെയ്ൻമെന്റും ചേർന്നാണ് സീരീസ് നിർമ്മിക്കുന്നത്. 2024ൽ സീരീസ് സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഭാവനകളെ നൂറ്റാണ്ടുകളായി ഇന്ത്യൻ ഇതിഹാസങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് മധു മന്തേന പറഞ്ഞു. ഈ ഐതിഹ്യങ്ങൾ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നു. “ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഇതിഹാസമായ മഹാഭാരതം ഇന്നും പ്രസക്തമാണ്,” അദ്ദേഹം പരമ്പര പ്രഖ്യാപനത്തിൽ പറഞ്ഞു.
മഹാഭാരതം സ്ക്രീനിലെത്തിക്കുമെന്ന് 2019ല് തന്നെ മധു മന്റേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരതത്തിന്റെ കഥ ദ്രൗപദിയുടെ ഭാഗത്തുനിന്നും പറയുമെന്നാണ് റിപ്പോർട്ടുകൾ.