മധുരത്തിന്റെ തെരുവിന് ഓണാഘോഷത്തിന്റെ ആഹ്ലാദവും ആവേശവും വിളമ്ബി ഉത്രാടപ്പാച്ചില്‍
കോഴിക്കോട്: മധുരത്തിന്റെ തെരുവിന് ഓണാഘോഷത്തിന്റെ ആഹ്ലാദവും ആവേശവും വിളമ്ബി ഉത്രാടപ്പാച്ചില്‍. കാര്‍ഷികസമൃദ്ധിയുടെ ഒളിമങ്ങാത്ത ഓര്‍മകളുമായി ഓണം എത്തിയതോടെ നഗരം കനത്ത തിരക്കിലമര്‍ന്നു.
രണ്ടു വര്‍ഷം നീണ്ടുനിന്ന കോവിഡ് മഹാമാരിക്കുശേഷം നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഓണാഘോഷത്തിലാണ് ജനം. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനെ അന്വര്‍ഥമാക്കുന്ന തരത്തിലായിരുന്നു നഗരത്തിലെ തിരക്ക്. ഉത്രാടദിനത്തിലെ ഓണത്തിനെ ഒന്നാം ഓണം എന്നാണ് വിളിക്കുന്നത്. തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം ഉത്രാടദിനത്തിലാണ് വാങ്ങിക്കുന്നത്. അതുകൊണ്ടാണ് ഉത്രാടപ്പാച്ചില്‍ എന്ന പേരുണ്ടായത്. വറുത്തുപ്പേരിയും ശര്‍ക്കരവരട്ടിയും പുളിയിഞ്ചിയും കാളനും നാരങ്ങഅച്ചാറും എല്ലാം തയാറാക്കുന്നതും ഉത്രാടനാളിലാണ്.
നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ മിഠായിതെരുവിലും പാളയം മാര്‍ക്കറ്റിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും ജനം തിങ്ങിനിറഞ്ഞു. നടക്കാന്‍ പോലുമാവാത്ത തിരക്കായിരുന്നു ഇവിടങ്ങളില്‍ അനുഭവപ്പെട്ടത്. രാവിലെ മഴ മാറിനിന്നതോടെ കച്ചവടക്കാരും നാട്ടുകാരും ഒരുപോലെ ആവേശത്തിലായിരുന്നു. മിഠായിതെരുവില്‍ മൂന്നു ദിവസങ്ങളായി അനുഭവപ്പെടുന്ന തിരക്ക് ബുധനാഴ്ച പാരമ്യത്തിലെത്തി. ഉച്ചക്ക് മഴ പെയ്തെങ്കിലും ആള്‍ത്തിരക്കില്‍ കാര്യമായ കുറവൊന്നും അനുഭവപ്പെട്ടില്ല. വസ്ത്രവിപണി, പഴം-പച്ചക്കറി തുടങ്ങി ഇലക്‌ട്രോണിക്‌സ് ഷോപ്പുകളില്‍ വരെ തിരക്കുതന്നെ.
സ്‌കൂളുകളും കോളജുകളും പൂട്ടിയതോടെ കുടുംബത്തോടെയാണ് എല്ലാവരും ഷോപ്പിങ്ങിനെത്തിയത്. ഷോപ്പിങ് കഴിഞ്ഞ് കുടുംബത്തോടൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം എന്ന പതിവുകൂടിയായതോടെ ഹോട്ടലുകള്‍ക്കു മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മിഠായിതെരുവിലെ പായസമേളക്കു മുന്നിലും ജനം തടിച്ചുകൂടിയിരുന്നു. സര്‍ക്കാറിന്റെ ഓണവിപണിയും സപ്ലൈകോ ഓണച്ചന്തകളും കുടുംബശ്രീയുടെ ഓണച്ചന്തകളും കാര്‍ഷിക ചന്തകളും എല്ലാം സജീവമായിരുന്നു. തളി ക്ഷേത്രപരിസരത്ത് ഓണത്തപ്പനും ഹോള്‍സെയില്‍ പൂ മാര്‍ക്കറ്റിലും നല്ല കച്ചവടം നടക്കുന്നുണ്ട്.
ചില്ലറ പൂ വില്‍പനശാലകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഓണാഘോഷത്തിന് അണിഞ്ഞൊരുങ്ങാന്‍ സെറ്റുസാരിക്കൊപ്പം വേണ്ട അവശ്യവസ്തുവായ മുല്ലപ്പൂ മുഴത്തിന് 200 രൂപയായിരുന്നു വില.
രാവിലെ മുതല്‍ നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിലെല്ലാം വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. വാഹനങ്ങളെല്ലാം ഇഴഞ്ഞുനീങ്ങുകയായിരുന്നു. പച്ചക്കറിക്ക് വന്‍ വിലയാണ്. എന്നിട്ടും പാളയത്തെ പച്ചക്കറി മാര്‍ക്കറ്റിലും വറുത്ത കായയും ശര്‍ക്കരയുപ്പേരിയും വില്‍ക്കുന്ന സ്റ്റാളുകളിലും വന്‍തിരക്കുതന്നെയായിരുന്നു.
ഉച്ചയോടെ പെയ്ത മഴ തെരുവുകച്ചവടക്കാര്‍ക്ക് ഭീഷണിയായി. ബുധനാഴ്ച രാവിലെ നല്ല രീതിയില്‍ കച്ചവടം നടന്നെങ്കിലും മഴ പെയ്തതോടെ പ്ലാസ്റ്റിക് ഷീറ്റിനടിയിലേക്ക് ഒതുക്കി. മിഠായിതെരുവില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ മണല്‍ വാരിയിട്ടാല്‍പോലും താഴെ വീഴാത്ത തിരക്കായിരുന്നു. ഇടവിട്ട് പെയ്യുന്ന മഴയെ അവഗണിച്ച് കുടയുംചൂടി ജനം ആവേശത്തോടെ ഉത്രാടപ്പാച്ചിലില്‍ മുഴുകിയതോടെ കച്ചവടവും പൊടിപൊടിച്ചു. മഴ കച്ചവടത്തെ വലിയതോതില്‍ ബാധിച്ചിട്ടില്ലെന്നാണ് മിഠായിതെരുവിലെ കച്ചവടക്കാര്‍ പറയുന്നത്. ഇവിടങ്ങളിലെ തെരുവുകച്ചവടക്കാരാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ വില്‍ക്കുന്നത്. നേരത്തേ സെറ്റുസാരിയും സെറ്റുമുണ്ടും വില്‍പന വലിയതോതില്‍ നടന്നിരുന്നെങ്കിലും ഓണമടുത്തതോടെ ട്രെന്‍ഡിയായ വസ്ത്രങ്ങളാണ് വിപണിയില്‍ സജീവമായത്. 500 രൂപക്ക് നാലു ടോപ്പുകള്‍, 50 രൂപക്ക് ഷാള്‍, 100 രൂപക്ക് ലെഗിന്‍സ് തുടങ്ങി കച്ചവടത്തിന്റെ ആകര്‍ഷണം നിരവധിയാണ്. 350 രൂപക്ക് ഷര്‍ട്ട്, 300 രൂപക്ക് ജീന്‍സ് തുടങ്ങി ഓണം ഓഫറുകളുമുണ്ട്. 100 രൂപക്ക് ചെരിപ്പ് കിട്ടുമെന്നത് മിഠായിതെരുവിന്റെ മാത്രം ആകര്‍ഷണമാണ്. 100 രൂപക്ക് രണ്ടു ടീഷര്‍ട്ടും 150 രൂപക്ക് രണ്ടു പാന്റും 150 രൂപക്ക് ബെഡ് ഷീറ്റുമൊക്കെയായി മിഠായിതെരുവിലെ കച്ചവടം പൊടിപൊടിച്ചു. ഖാദിയുടെ ഓണം റിബേറ്റ് സ്റ്റാളിലും മൃഗനയനിയിലും എല്ലാം ആവശ്യക്കാരെത്തി. മുമ്ബ് ഉത്രാടപ്പാച്ചിലില്‍ ഗ്രാമീണ മാര്‍ക്കറ്റുകളായിരുന്നു സജീവം. ഇന്ന് അതേ ആവേശം നഗരങ്ങളും ഏറ്റെടുത്തിട്ടുണ്ട്.
മാളുകള്‍ ഇപ്പോള്‍ ഉത്രാടപ്പാച്ചിലിന്റെ പുതിയ കേന്ദ്രമായി മാറി. മഴയോ ഇരുട്ടോ പ്രശ്നമല്ല, രാത്രി വൈകുംവരെ ഷോപ്പിങ് നടത്താം എന്നതും പ്രത്യേകതയാണ്.