മുഖത്ത് മാവോറി ടാറ്റൂ വരുന്ന ഫിൽറ്റർ, വ്യാപക പ്രതിഷേധം, സ്നാപ്ചാറ്റ് പിൻവലിച്ചു
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് ഒരു പ്രത്യേക തരം ഫീച്ചര്‍ ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. മുഖത്ത്, പരമ്ബരാഗതമായ മാവോറി ടാറ്റൂകള്‍ വരുത്താന്‍ അനുവദിക്കുന്ന ഫീച്ചറാണ് നീക്കം ചെയ്തിരിക്കുന്നത്.
ന്യൂസിലാന്റിലെ ഗോത്രവിഭാഗമായ മാവോറി സമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഫില്‍ട്ടറുകള്‍ പിന്‍വലിച്ചത്.
മാവോറികള്‍ പച്ച കുത്തുന്നതിനെ വളരെ പവിത്രമായി കണക്കാക്കുന്നവരാണ്. അത് ധരിക്കുന്നയാളുടെ ഐഡന്റിറ്റിയുടെ പ്രധാന അടയാളമായി കണക്കാക്കപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകള്‍ ഈ ഫില്‍റ്റര്‍ ഉപയോഗിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം കനത്തത്.
‘മാവോറി ഫേസ് ടാറ്റൂ’, ‘മാവോറി’ തുടങ്ങിയ പേരുകളുള്ള ഫില്‍ട്ടറുകള്‍ ഉപയോഗിച്ചിരിക്കുന്ന ആളുകളുടെ ചിത്രങ്ങള്‍ റേഡിയോ ന്യൂസിലാന്‍ഡ്, ജനപ്രിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ കാണിച്ചിരുന്നു. സ്‌നാപ്ചാറ്റിന്റെ കമ്ബനിയായ സ്‌നാപ് ആ ഫില്‍റ്റര്‍ നീക്കം ചെയ്തതായി സ്ഥിരീകരിച്ചു.
ഫേഷ്യല്‍ ടാറ്റൂകള്‍, അല്ലെങ്കില്‍ മോക്കോ, നൂറ്റാണ്ടുകളായി മാവോറി സംസ്‌കാരത്തിന്റെ ഭാഗമായി തുടരുന്നവയാണ്. അവ ഒരു പ്രധാന ചടങ്ങില്‍ വച്ചാണ് ദേഹത്ത് പച്ച കുത്തുന്നത്. അത് കൂടാതെ അത് ധരിക്കുന്ന ഓരോരുത്തരുടേയും തനതായ വംശാവലിയും പൈതൃകവും അടയാളപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗമായിട്ടും ഈ ടാറ്റൂ ഉപയോഗിക്കുന്നു.
അതുപോലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ടാറ്റൂ വ്യത്യസ്തമാണ്. പുരുഷന്മാരുടെ ടാറ്റൂകള്‍ നെറ്റി മുതല്‍ തൊണ്ട വരെ നീളുന്നു, അതേസമയം സ്ത്രീകളുടെ ടാറ്റൂകള്‍ സാധാരണയായി ചുണ്ടുകള്‍ മുതല്‍ താടി വരെ നീളുന്നവയാണ്. സോഷ്യല്‍ മീഡിയയിലാവട്ടെ ഒരുപാട് പേരാണ് ഈ ഒരേ ഫില്‍റ്റര്‍ ഉപയോഗിച്ചു കൊണ്ടുള്ള നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു.
മാവോറി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ മോക്കോയോടുള്ള താല്‍പ്പര്യം വീണ്ടും ഉയര്‍ന്നുവന്നിട്ടുണ്ട്. ന്യൂസിലന്‍ഡ് മ്യൂസിയം പറയുന്നതനുസരിച്ച്, 2000 മുതല്‍, മോക്കോ കൂടുതലായി കാണപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.