ഇടുക്കി ജില്ലാ ഓണം വാരാഘോഷം; സെപ്റ്റംബര്‍ 6 മുതല്‍ 11 വരെ


ഇടുക്കി: ജില്ലാ ഭരണകൂടത്തിന്റെയും ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം പരിപാടികള്‍ 6-ന് ചെറുതോണിയില്‍ തുടക്കമാകും.
ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉദ്ഘാടന സമ്മേളനം വൈകുന്നേരം 4 മണിക്ക് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. എംപി, എം എല്‍ എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വിളംബര ഓട്ട മത്സരത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകുന്നത്. കരിമ്ബന്‍ മുതല്‍ ചെറുതോണി വരെ നടത്തുന്ന വിളംബര ഓട്ട മത്സരം ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് 10 മണിക്ക് ഓണം വാരാഘോഷത്തിന്റെ ഭാഗമായി ചെറുതോണിയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് തൃശിവ പുലികളി സമിതിയുടെ നേതൃത്വത്തില്‍ എല്‍ ഐ സി ഓഫീസ് ജംഷനില്‍ നിന്നും ചെറുതോണിയിലേക്ക് ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം പുലികളിയും മാവേലി, വാമനന്‍ മത്സരവും ഉണ്ടായിരിക്കും.
രണ്ടാം ദിവസമായ ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ടൗണ്‍ഹാളില്‍ വച്ച് അത്തപ്പൂക്കള മത്സരം നടത്തപ്പെടും. കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങളും അരങ്ങേറും. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ചെറുതോണി പാപ്പന്‍സ് ജംഗ്ഷനില്‍ തീറ്റ മത്സരവും, ടൂ വീലര്‍ സ്ലോ റെയ്സ്, സൈക്കിള്‍ സ്ലോ റെയ്സ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
മൂന്നാം ദിനമായ വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതല്‍ അഖില കേരള വടംവലി മത്സരവും 20 വയസ്സില്‍ താഴെയുള്ളവര്‍ക്കായി ജൂനിയര്‍ വിഭാഗം വടം വലി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.നാലാം ദിവസമായ ശനിയാഴ്ച കുട്ടികളോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കുന്നതിനായി ഇടുക്കി ഹില്‍ വ്യൂ പാര്‍ക്കില്‍ സൗജന്യ പ്രവേശനവും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 4 മണി മുതല്‍ 6 മണി വരെയാണ് സൗജന്യ പ്രവേശനാനുമതി. തുടര്‍ന്ന് കലാസാഗര്‍ ചെറുതോണി അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
ഓണം വാരാഘോഷത്തിന്റെ അവസാന ദിനമായ ഞായര്‍ 11 ന് വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന സമ്മേളനം എം എം മണി എം എല്‍ എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ , വിവിധ വകുപ്പ് ഉദ്യോഗസ്ഥരും, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. തുടര്‍ന്ന് സമന്വയ ഡാന്‍സ് & മ്യൂസിക്സ് അവതരിപ്പിക്കുന്ന കലാ പരിപാടികളോടെ ജില്ലയില്‍ ഓണം വാരാഘോഷ പരിപാടികള്‍ക്ക് സമാപനമാകും.