മഴ കനത്തതോടെ കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ തിരക്ക്


കൊച്ചി: മഴ കനത്തതോടെ കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ തിരക്ക്. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്നാണ് പലരും യാത്രയ്ക്കായി ആശ്രയിച്ചത് മെട്രോയെ.
ചൊവ്വാഴ്ച രാവിലെ 6 മുതല്‍ രാത്രി 9 വരെ 93,342 പേരാണ് യാത്ര ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.
നഗരത്തിന്റെ പലഭാഗത്തും ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കത്രിക്കടവില്‍ മരം കടപുഴകി വീണു. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയാണ് മരം വീണത്. ഒമിനി വാനിന് മുകളിലേക്കാണ് മരം വീണത്. സമീപത്തെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. എംജി റോഡിലും കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പുലര്‍ച്ചെ നാല് മണി മുതല്‍ കൊച്ചിയില്‍ കനത്ത മഴയാണ് പെയ്തത്. ഏഴ് മണിയോടെ മഴ ശക്തമായി. എം ജി റോഡ്, കലൂര്‍, നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരം മടക്കമുള്ള പ്രധാന റോഡുകളും ഇടറോഡും വെള്ളത്തില്‍ മുങ്ങി. സിഗ്നല്‍ തകരാറിലായതോടെ ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചിരുന്നു.
കൊച്ചി നഗരത്തില്‍ ഉണ്ടായ ശക്തമായ മഴയ്ക്ക് കാരണം ലഘു മേഘവിസ്ഫോടനമെന്ന് കാലാവസ്ഥ വിദഗ്ദര്‍. ചക്രവാതചുഴിയുടെ ഭാഗമായാണ് ശക്തമായ മഴ ഉണ്ടായത്. ഒന്നരമണിക്കൂറിനുളളില്‍ എട്ടു സെന്റിമീറ്ററിനടുത്ത് മഴ പെയ്തതായാണ് മഴമാപിനികള്‍ സൂചിപ്പിക്കുന്നതെന്ന് കുസാറ്റ് കാലാവസ്ഥ വിഭാഗം മേധാവി ഡോ. അഭിലാഷ് പറഞ്ഞു. ഇത്തരം മഴ പ്രവചിക്കുന്നതിന് പരിമിതികളുണ്ട്. അടുത്ത മൂന്നുദിവസത്തേക്കുകൂടി മഴയ്ക്ക് സാധ്യതയുണ്ട്, എന്നാല്‍ മഴയുടെ തോത് ഇപ്പോള്‍ പ്രവചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.