ഓണം സ്പെഷ്യല്‍ ഡ്രൈവ് : 100 ലിറ്റര്‍ കോടയും 1.9 ലിറ്റര്‍ ചാരായവും വാറ്റുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി


അടിമാലി: ഓണം സ്പെഷല്‍ ഡ്രൈവിനോട് അനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളില്‍നിന്ന് 100 ലിറ്റര്‍ കോടയും 1.9 ലിറ്റര്‍ ചാരായവും വാറ്റുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി.
മൂന്നുപേരെ അറസ്റ്റ് ചെയ്തു. കല്ലാര്‍കുട്ടി നായ്ക്കുന്ന് പാറങ്കിമാലില്‍ വര്‍ക്കിയുടെ വീടിനോടുചേര്‍ന്നുള്ള ചായ്പ്പില്‍നിന്നാണ് കോടയും ചാരായവും കണ്ടെത്തിയത്.
തുടര്‍ന്ന് വാളറ പഴമ്ബിള്ളിച്ചാല്‍ വനമേഖലയോട് ചേര്‍ന്ന് കൊല്ലം മുകളേല്‍ വേലായുധെന്‍റ താല്‍ക്കാലിക ഷെഡില്‍ ചാരായം വാറ്റുകേന്ദ്രവും കണ്ടെത്തി. ചാരായം നിര്‍മിച്ചുവരുന്ന കൊല്ലം മുകളേല്‍ വേലായുധന്‍ (70) ഓലിക്കല്‍ സിനേഷ് ജോസഫ് (37), കണിയാംകുന്നേല്‍ വിഷ്ണു ജോസ് (27) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
വനമേഖലയില്‍ നാളുകളായി ചാരായം വാറ്റി വില്‍പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വഴുക്കലുള്ള പാറക്കെട്ടിന് താഴേക്ക് എക്സൈസ് സംഘം സാഹസികമായി ഊര്‍ന്നിറങ്ങി ഈറ്റ ഷെഡിലെത്തിയാണ് ചാരായം വാറ്റിക്കൊണ്ടിരുന്ന മൂവരെയും പിടിച്ചത്.
പ്രിവന്‍റിവ് ഓഫിസര്‍മാരായ പി.എച്ച്. ഉമ്മര്‍, കെ.പി. ബിനു മോന്‍, വി.പി. സുരേഷ്കുമാര്‍, കെ.കെ. സുരേഷ്കുമാര്‍ പ്രിവന്‍റിവ് ഓഫിസര്‍ ഗ്രേഡ് കെ.പി. റോയിച്ചന്‍, കെ.ബി. സുനീഷ്കുമാര്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.എസ്. മീരാന്‍, സി. അരുണ്‍, വൈ. ക്ലമന്‍റ്, ഡ്രൈവര്‍ എസ്.പി. ശരത് എന്നിവര്‍ പങ്കെടുത്തു.