ദുരന്തപ്രദേശത്തുനിന്ന് ആവശ്യമെങ്കില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുമെന്നും ദുരന്തം ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത പ്രദേശത്താണുണ്ടായതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: ദുരന്തപ്രദേശത്തുനിന്ന് ആവശ്യമെങ്കില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുമെന്നും ദുരന്തം ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത പ്രദേശത്താണുണ്ടായതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍.
ഇടുക്കി കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ഉരുള്‍പൊട്ടലുണ്ടായത്. ഒരു കുടുംബത്തിലെ 4 പേരെ കാണാതായി.
ഒരു സ്ത്രീയുടെയും ഏഴ് വയസുകാരന്റെയും മൃതദേഹം കണ്ടെത്തി. കിറ്റടിച്ചാലില്‍ സോമന്‍, ഭാര്യ ഷിജി, മകള്‍ ഷിമ എന്നിവരെയാണ് കാണാതായിരിക്കുന്നത്. സോമന്റെ മാതാവ് തങ്കമ്മ, ഷിമയുടെ മകന്‍ ദേവാനന്ദ് (7) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. സ്ഥലത്ത് ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുകയാണ്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് അതിശക്തമായമായ മഴയാണ് പെയ്യുന്നത്.
വീട് പൂര്‍ണമായും മണ്ണിനടിയില്‍ പെട്ട അവസ്ഥയിലാണ്. മണ്ണു പാറയും വലിയ രീതിയില്‍ പതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം വളരെ ശ്രമകരമാണ്. അതേസമയം കേരളത്തില്‍ അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ശക്തമായി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ-വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴക്ക് സാധ്യത. നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. കോട്ടയം മുതല്‍ ഇടുക്കി വരെയും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുമാണ് മഴ മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ സാധാരണ മഴ പെയ്യും. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. മത്സ്യതൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.