ചീനിക്കുഴി കൂട്ടക്കൊല : പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ഉറങ്ങിക്കിടന്ന മകനെയും മരുമകളെയും പേരക്കുട്ടികളെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ഉടുമ്ബന്നൂര്‍ ചീനിക്കുഴി ആലിയക്കുന്നേല്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റിന്‍, അസ്ന എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് ഫൈസലിന്‍റെ പിതാവ് ഹമീദ് നല്‍കിയ ജാമ്യാപേക്ഷയാണ് തൊടുപുഴ മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി തള്ളിയത്.
മാര്‍ച്ച് 19ന് രാത്രി 12.30നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ച 12.30ന് ഫൈസലും ഭാര്യയും മക്കളും ഉറങ്ങിക്കിടന്ന മുറിയിലേക്ക് ചെറിയ കുപ്പികളില്‍ പെട്രോള്‍ നിറച്ച് തീകൊളുത്തി എറിയുകയായിരുന്നു. കൃത്യം നടത്തുന്നതിന് മുമ്ബ് വീട്ടിലെ ടാപ്പ് തുറന്ന് ടാങ്കിലെ വെള്ളം ചോര്‍ത്തി ക്കളയുകയും കിണറ്റിലെ മോട്ടോറിന്‍റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു.
അയല്‍വാസികള്‍ ഓടിക്കൂടിയെങ്കിലും ടാങ്കില്‍ വെള്ളമില്ലാത്തതിനാല്‍ തീയണക്കാനായില്ല. ദാരുണ കൊലപാതകം നടത്തിയ പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മനോജ് കുര്യന്‍ ഹാജരായി.