അമിതവേഗത്തിലെത്തിയ കാറിടിച്ച് ഉണ്ടായ അപകടത്തില്‍നിന്ന് വഴിയാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു
തൊടുപുഴ: കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് മുന്നില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് ഉണ്ടായ അപകടത്തില്‍നിന്ന് വഴിയാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.അമിതവേഗത്തിലെത്തിയ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ ഇടിച്ചശേഷം മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്കും പരിക്കേറ്റു. ഈ സമയം ഒരു വഴിയാത്രക്കാരി പോകുന്നുണ്ടായിരുന്നു. ഇവര്‍ ഇരു വാഹനങ്ങളുടെ ഇടയില്‍നിന്ന് ഓടി മാറിയതിനാലാണ് തലനാരിഴക്ക് രക്ഷപ്പെടുന്നത്.
ഓട്ടോ ഡ്രൈവര്‍ ചിറകണ്ടം സ്വദേശി പടിപ്പുരക്കല്‍ അബ്ദുല്‍ സമദിനെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റാന്‍ഡില്‍ ഓട്ടോ കിടക്കുന്നതിനിടെ വേഗത്തിലെത്തിയ കാര്‍ ഓട്ടോക്ക് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് സമദ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിയുകയും ഉള്ളിലകപ്പെടുകയും ചെയ്തു. സഹപ്രവര്‍ത്തകരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നു ഒരു ഓട്ടോയില്‍ ഉരസിയതിന് ശേഷമാണ് സമദിന്‍റെ ഓട്ടോ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മ്രാല സ്വദേശി ബിജുവാണ് കാര്‍ ഓടിച്ചിരുന്നതെന്നും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.