ഗ്രൗണ്ടിലേക്കുള്ള പ്രവേശനം എം.വി.ഐ.പി തടഞ്ഞതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ രാവിലെ നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് തടസപ്പെട്ടു

ഗ്രൗണ്ടിലേക്കുള്ള പ്രവേശനം എം.വി.ഐ.പി തടഞ്ഞതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ രാവിലെ നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് തടസപ്പെട്ടു.
മോട്ടോര്‍ വാഹന വകുപ്പ് കൈയേറിയ ഭൂമിയിലൂടെയുള്ള പ്രവേശനമാണ് തടഞ്ഞതെന്നാണ് എം.വി.ഐ.പി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ഇരു വകുപ്പുകളും തമ്മില്‍ ഇവിടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയില്‍ കോലാനിയിലെ എം.വി.ഐ.പി കനാലിന് സമീപമുള്ള 22.5 സെന്റ് സ്ഥലം ഡ്രൈവിംഗ് ടെസ്റ്റിനായി മോട്ടോര്‍ വാഹന വകുപ്പിന് വിട്ടുനല്‍കിയിരുന്നു. ഇതിന് സമീപത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ കളി സ്ഥലവുണ്ടായിരുന്നു. ഏതാനും മാസം മുമ്ബ് വോളിബോള്‍ ഗ്രൗണ്ട് ഉള്‍പ്പെടുന്ന സ്ഥലം കൂടി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കമ്ബി വേലി കെട്ടി തിരിച്ചു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. മോട്ടോര്‍ വകുപ്പ് ഭൂമി കൈയേറിയതായി ജലവിഭവ മന്ത്രിക്ക് നാട്ടുകാര്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമി അളന്ന് മുമ്ബ് അനുവദിച്ച 22 സെന്റ് സ്ഥലം മോട്ടോര്‍ വാഹന വകുപ്പിന് അതിര്‍ത്തി നിര്‍ണയിച്ച് നല്‍കി. എന്നാല്‍ ഇവിടേക്കുള്ള പ്രവേശനം എം.വി.ഐ.പിയുടെ അധീനതയിലുള്ള സ്ഥലത്ത് കൂടി തുടര്‍ന്നു. ഇതാണ് ഇന്നലെ ജലവിഭവ വകുപ്പ് ബോര്‍ഡ് സ്ഥാപിച്ച് തടഞ്ഞത്. ഇതോടെ ഇന്നലെ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവര്‍ക്ക് ഗ്രൗണ്ടിലേക്ക് കയറാനായില്ല. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് മറ്റൊരു സ്ഥലത്ത് കൂടി ഗ്രൗണ്ടിലേക്ക് പ്രവേശന പാത വെട്ടിയാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത്. എഴുപതോളം പേരാണ് ഗ്രൗണ്ടില്‍ എച്ച് എടുക്കുന്നതിന് മണിക്കൂറുകളോളം കാത്തിരുന്നത്. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റ് നേരത്തെ തന്നെ തടസമില്ലാതെ നടന്നിരുന്നു.