Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജില്ലയിലെ പ്രധാന പുഴകളില്‍ മലിനീകരണത്തോത് വന്‍തോതില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍



തൊടുപുഴ: ജില്ലയിലെ പ്രധാന പുഴകളില്‍ മലിനീകരണത്തോത് വന്‍തോതില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. പുഴയിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെയും ഈ കോളി ബാക്ടീരിയകളുടെയും അളവ് വളരെ കൂടുതലാണെന്ന് ജില്ലയിലെ എട്ട് പുഴകളുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍നിന്ന് ശേഖരിച്ച സാമ്ബിളുകളുടെ പരിശോധനയില്‍നിന്ന് വ്യക്തമാകുന്നത്.

കക്കൂസ് മാലിന്യങ്ങളും മറ്റും തള്ളുന്നതാണ് ഈ കോളി ബാക്ടീരിയകളുടെ അളവ് വര്‍ധിക്കാന്‍ കാരണം.

തൊടുപുഴയാറിന്‍റെ പരിസരങ്ങളില്‍നിന്ന് 100 മില്ലി സാമ്ബിള്‍ ശേഖരിച്ചതില്‍ പരിശോധന നടത്തിയപ്പോള്‍ വന്‍ തോതില്‍ കോളിഫോം ബാക്ടീരിയയുടെയും ഇകോളിയുടെയും സാന്നിധ്യംകണ്ടെത്തി.

മൂന്നാറിലും സമാന അളവിലാണ് പുഴയില്‍ ഇവയുടെ സാന്നിധ്യം. ഇരുമ്ബുപാലം, മൂലമറ്റം, മ്രാല, തേക്കടി, ഉപ്പുതറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന പുഴകളിലും വലിയ തോതില്‍ തന്നെയാണ് മലിനീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. തേക്കടിയില്‍ മാത്രമാണ് ആശ്വാസകരമായ കാര്യം. ഇവിടെ വളരെ കുറഞ്ഞ അളവിലാണ് കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവിടെ ഇകോളിയും കുറവാണ്.


നാടിന്‍റെ പ്രധാന കുടിവെള്ള സ്രോതസ്സായ പുഴയിലേക്ക് വന്‍തോതില്‍ മാലിന്യം വലിച്ചെറിയുന്നതാണ് പുഴ മലിനീകരണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കടകളിലെയും, കശാപ്പുശാലകളിലെയും, മത്സ്യ സ്റ്റാളുകളിലെയും, വീടുകളിലെയും മാലിന്യങ്ങളെല്ലാം തള്ളാനുള്ള ഇടമായി പുഴകളെ മാറ്റിയിരിക്കുകയാണ്. സെപ്റ്റിക് ടാങ്കുകളില്‍ നിന്നുള്ള മാലിന്യം ഒഴുക്കുന്നതും പുഴയിലേക്കാണ്.

ഇതിനു പുറമെയാണ് പുഴയിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. വീടുകളിലും കടകളിലും ആവശ്യമില്ലാത്ത ജൈവ അജൈവ മാലിന്യങ്ങളെല്ലാം തള്ളാനുള്ള ഇടമായി പുഴ മാറിയിരിക്കുകയാണ്.

പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് പുറമെ കുപ്പിച്ചില്ല്, ഇലക്‌ട്രോണിക് വേസ്റ്റുകള്‍, തുടങ്ങിയവയെല്ലാം പുഴയില്‍ അടിഞ്ഞുകൂടുന്നുണ്ട്. പുഴയുടെ നാശത്തിന് ഇടയാക്കുന്ന തരത്തില്‍ പുഴയിലേക്ക് മാലിന്യം ഉള്‍പ്പെടെയുള്ള തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പുഴകളെ വീണ്ടെടുക്കുന്ന പരിപാടികളും നടക്കുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും മലിനീകരണത്തോത് കുറയുന്നില്ലെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ വൈകാതെ പുഴകളുടെ ചരമഗീതം തന്നെ പാടേണ്ടി വരുമെന്ന് പരിസ്ഥിതി സ്നേഹികള്‍ പറയുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!