‘ഓണത്തിന് ഒരു കൊട്ടപൂവ്’ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ പൂക്കള്‍ വിളവെടുപ്പിന് ഒരുങ്ങി


കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ഒരു കൊട്ടപൂവ്’ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ പൂക്കള്‍ വിളവെടുപ്പിന് ഒരുങ്ങി.
വിവിധ പഞ്ചായത്തുകളിലെ 550 കര്‍ഷക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 50 ഹെക്ടറിലാണ് കൃഷിയിറക്കിയത്. ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട് ചാല്‍ ബീച്ചിലെ പി. സിലേഷിന്റെ പൂകൃഷിയിടത്തില്‍ 23ന് രാവിലെ 9ന് മുന്‍ മന്ത്രി പി.കെ ശ്രീമതി നിര്‍വഹിക്കും.
ഓണത്തിന് തദ്ദേശീയമായി പൂക്കള്‍ ലഭ്യമാക്കുക, പുഷ്പ കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഇതിനായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ജില്ലയില്‍ ഗുണമേന്മയുള്ള ഒന്നര ലക്ഷത്തോളം ചെണ്ടുമല്ലി തൈകളാണ് കൃഷി ഭവന്‍ മുഖേന സൗജന്യമായി നല്‍കിയത്. ചുരുങ്ങിയത് 15 സെന്റ് കൃഷിസ്ഥലമുള്ള 550 ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഭാഗമായത്.
മഞ്ഞ, ഓറഞ്ച് നിറത്തിലുളള ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് നല്‍കിയിരുന്നത്. പ്രായമായ ഒരു ചെടിയില്‍ നിന്ന് ശരാശരി ഒന്നര കിലോഗ്രാം പൂക്കള്‍ ലഭിക്കും. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാല്‍ 200 ടണ്‍ വരെ പൂക്കള്‍ ലഭിക്കുമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ പ്രതീക്ഷ.
പല നിറത്തില്‍ വാടാമല്ലിയും ചെണ്ടുമല്ലിയും പൂത്തുലഞ്ഞ് നില്‍ക്കുന്ന പൂപ്പാടം ഒരുക്കി ഓണത്തെ വരവേല്‍ക്കുകയാണ് അഴീക്കോട് ചാല്‍ ബീച്ച് സ്വദേശി പി. സിലേഷ്.
പതിവു കൃഷിയില്‍നിന്ന് വ്യത്യസ്തമായി ചെയ്യണമെന്ന ചിന്തയാണ് സിലേഷിനെ പൂകൃഷിയിലേക്ക് ആകര്‍ഷിച്ചത്. ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിനൊരു മുറം പൂവ് പദ്ധതി’ പ്രകാരം ലഭിച്ച പൂച്ചെടികള്‍ക്കൊപ്പം തന്റെ കൈവശമുള്ള വിത്ത് മുളപ്പിച്ചുമാണ് സിലേഷ് കൃഷിയിറക്കിയത്. 30 സെന്റ് സ്ഥലത്ത് ഇതിനോടകം ഒരു ലക്ഷത്തോളം പൂക്കള്‍ വിരിഞ്ഞു കഴിഞ്ഞു. കാലാവസ്ഥ പ്രതികൂലമായില്ലെങ്കില്‍ ഓണം സീസണില്‍ കൂടുതല്‍ പൂക്കളുണ്ടാകും. ജൂണ്‍ പത്തിന് തുടങ്ങിയ കൃഷി ഒന്നാം വിളവ് എടുക്കേണ്ട സമയമായി.
കൃഷിയില്‍ രാസവളങ്ങള്‍ ഒന്നും ഉപയോഗിച്ചില്ല. ജൈവ വളങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മുന്‍കാലങ്ങളില്‍ പച്ചക്കറിയും നെല്‍കൃഷിയായിരുന്നു ചെയ്തത്. പൂകൃഷി തുടങ്ങുന്നതിന് തൊട്ട് മുന്‍പ് കടല കൃഷി ചെയ്തിരുന്നു. ആ മണ്ണില്‍ നട്ടതു കൊണ്ട് കൂടിയാവാം പൂകൃഷിയില്‍ ഇത്ര വിളവ്.