മൂവാറ്റുപുഴ നഗരസഭയിലെ മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരമായി കൊണ്ടുവന്ന വിന്‍ഡോ കംപോസ്റ്റിങ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി


മൂവാറ്റുപുഴ: നഗരസഭയിലെ മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരമായി കൊണ്ടുവന്ന വിന്‍ഡോ കംപോസ്റ്റിങ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി.
കുന്നംകുളം നഗരസഭ മാതൃകയില്‍ മൂവാറ്റുപുഴ നഗരസഭ, മാലിന്യ സംസ്കരണ കേന്ദ്രമായ വളക്കുഴിയില്‍ ആരംഭിച്ച പ്ലാന്റിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. ജൈവ മാലിന്യം സംസ്കരിച്ച് വളമാക്കി മാറ്റുന്നതിനുള്ള പ്ലാന്റിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്.
50 ലക്ഷം രൂപ ചെലവഴിച്ചാണ് സംവിധാനം ഒരുക്കുന്നത്. വളക്കുഴിയിലെ അശാസ്ത്രീയമാലിന്യ സംസ്കരണ രീതിയും ഇടക്കിടെ തീപിടിത്തം ഉണ്ടാകുന്നതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനു പരിഹാരമായാണ് പദ്ധതി നടപ്പാക്കിയത്.
കഴിഞ്ഞ ഭരണസമിതി നേതൃത്വത്തില്‍ ഇതിന്‍റെ ഭാഗമായി കൗണ്‍സിലര്‍മാര്‍, കുന്നംകുളം നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. മൂവാറ്റുപുഴക്ക് അനുയോജ്യമായതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
വിന്‍ഡോ കംപോസ്റ്റിങ് രീതിയിലൂടെ സംസ്കരിക്കുന്ന മാലിന്യം പൊടിച്ച് ഇനോകുലം ചേര്‍ത്ത് വീണ്ടും സംസ്കരിച്ചെടുത്താണ് വളം നിര്‍മിക്കുന്നത്. സംസ്കരണ പ്ലാന്റിന് ഗ്രീന്‍ ബെല്‍റ്റ് നിര്‍മിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ പി.എം. അബ്ദുല്‍ സലാം പറഞ്ഞു.
വെള്ളത്തിന്റെ അംശം വലിയതോതില്‍ വലിച്ചെടുക്കാന്‍ കഴിയുമെന്നതിനാല്‍ കുന്നംകുളത്ത് പ്ലാന്റിനു സമീപം വാഴയാണ് നട്ടിരിക്കുന്നത്. ഇതുതന്നെ മൂവാറ്റുപുഴയില്‍ തുടരാന്‍ കഴിയുമോ എന്ന് പരിശോധിക്കും. അജൈവമാലിന്യത്തിലെ പ്രധാന ഘടകമായ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാന്‍ പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റും ഉണ്ടാകും.
ഇതു തുറന്നുകൊടുക്കുന്നതോടെ നഗരത്തിലെ മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും ഉടന്‍ ഉദ്ഘാടനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.