ഗ്രാമവണ്ടി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
തൃശൂര്‍: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും പല ഗ്രാമപ്രദേശങ്ങളിലും ഇപ്പോഴും യാത്രാ സൗകര്യങ്ങള്‍ പരിമിതമാണ്. ഇതിനൊരു പരിഹാരമാണ് ഗ്രാമവണ്ടിയെന്നും മന്ത്രി പറഞ്ഞു. ഗ്രാമവണ്ടി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എളവള്ളി പഞ്ചായത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഗ്രാമപ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് ചെലവ് കുറഞ്ഞ യാത്രാസൗകര്യം ഒരുക്കാന്‍ ശ്രമിക്കുകയാണ് ഗ്രാമവണ്ടി എന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഉള്‍പ്രദേശവും പൊതുഗതാഗതം ലഭ്യമാകാത്തതുമായ സ്ഥലങ്ങളിലേക്ക് ചുരുങ്ങിയ ചെലവില്‍ ജനങ്ങള്‍ക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് കെ.എസ്.ആര്‍.ടി.സിയുടെ ഗ്രാമവണ്ടി.
പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ ഗ്രാമവണ്ടി സര്‍വീസ് നടത്തും. ഗുരുവായൂരില്‍ നിന്ന് ചൊവ്വല്ലൂര്‍പ്പടി, പോള്‍മാസ്റ്റര്‍ പടി, കിഴക്കേത്തല, താമരപ്പിള്ളി, പെരുവല്ലൂര്‍, മമ്മായിസെന്റര്‍, കോക്കൂര്‍, വാക, മറ്റം തിരിച്ച് ചേലൂര്‍ അതിര്‍ത്തി, പറയ്ക്കാട്, മണ്ണാംപാറ, പാറസെന്റര്‍, ഉല്ലാസ് നഗര്‍, പണ്ടറക്കാട്, മാധവന്‍പീടിക, ജനശക്തി സെന്റര്‍, കാക്കശ്ശേരി, പൂവ്വത്തൂര്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ ഗ്രാമവണ്ടി എത്തും.
ജീവനക്കാരുടെ താമസം, പാര്‍ക്കിങ്, സുരക്ഷ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനം വഹിക്കും. ജീവനക്കാരുടെ ശമ്ബളം, വാഹനം, വാഹനത്തിന്റെ മെയിന്റനന്‍സ്, സ്പെയര്‍പാര്‍ട്സ്, ഇന്‍ഷുറന്‍സ് തുടങ്ങി ചെലവുകള്‍ കെ.എസ്.ആര്‍.ടി.സി വഹിക്കും.എളവള്ളി പൂവ്വത്തൂര്‍ ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷത വഹിച്ചു.മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാല്‍, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബെന്നി ആന്റണി, മുഹമ്മദ് ഗസാലി, കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു.