മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേയുടെ ആദ്യഘട്ട പ്രവൃത്തികള്‍ ആരംഭിച്ചു
മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേയുടെ ആദ്യഘട്ട പ്രവൃത്തികള്‍ ആരംഭിച്ചു.
ആദ്യഘട്ടമായി കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൈാസൈറ്റി തകര്‍ന്ന റോഡിലെ കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കിവരുകയാണ്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ബോയ്സ് ടൗണ്‍ മുതല്‍ എസ് വളവ് വരെയുള്ള റോഡിന് ഇരുവശവും താമസിക്കുന്നവരുടെ യോഗം കഴിഞ്ഞ ആഴ്ച മാനന്തവാടി എം.എല്‍.എ ഒ.ആര്. കേളുവിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.
മാനന്തവാടി നഗരസഭയിലൂടെയും തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക, വെള്ളമുണ്ട, പനമരം ഗ്രാമപഞ്ചായത്തിലൂടെയുമാണ് ഈ റോഡ് കടന്നുപോകുന്നത്. വടക്കേ വയനാടും തെക്കേ വയനാടും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയെന്ന നിലയില്‍ കാസര്‍കോട് ജില്ലയില്നിന്നാരംഭിച്ച് കണ്ണൂര്‍ ജില്ല കടന്ന് ബോയ്സ് ടൗണിലെത്തുന്നതോടെയാണ് പദ്ധതി മാനന്തവാടി നിയോജക മണ്ഡലത്തില്‍ ആരംഭിക്കുന്നത്. ബോയ്സ് ടൗണില്‍ നിന്ന് ആരംഭിച്ച് തലപ്പുഴ, മാനന്തവാടി ടൗണ്‍ വഴി കോഴിക്കോട് റോഡിലൂടെ നാലാം മൈല്‍, പനമരം, പച്ചിലക്കാട് വരെയും വാളാട് മുതല്‍ കുങ്കിച്ചിറ വരെയുമുള്ള റോഡുകളാണ് മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബോയ്സ് ടൗണ്‍ മുതല്‍ മാനന്തവാടി ഗാന്ധി പാര്‍ക്ക് വരെ 13 കി.മീ ദൂരവും ഗാന്ധി പാര്‍ക്ക് മുതല്‍ പച്ചിലക്കാട് വരെ 19.5 കി.മീ ദൂരവും വാളാട് മുതല്‍ കുങ്കിച്ചിറ വരെ 10 കി.മീ ദൂരവുമാണുള്ളത്. പദ്ധതിക്ക് കിഫ്ബി ധനസഹായമായി 106 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മാനന്തവാടി മണ്ഡലത്തിന്റെ മുഖ ച്ഛായ മാറ്റുന്ന ഈ പദ്ധതി അതിവേഗം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്.