പശ്ചിമഘട്ട മേഖലകളിൽ മാത്രം കണ്ടുവരുന്ന പച്ചിലപ്പാറാൻ തവളയുടെ (മലബാർഗൈഡിങ് ഫ്രോഗ്) വരവ് നാടിനു കൗതുകമായി
ചെറുതോണി:പശ്ചിമഘട്ട മേഖലകളിൽ മാത്രം കണ്ടുവരുന്ന പച്ചിലപ്പാറാൻ തവളയുടെ (മലബാർഗൈഡിങ് ഫ്രോഗ്) വരവ് നാടിനു കൗതുകമായി. മുൻ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബിയുടെ മഞ്ഞപ്പാറയിലുള്ള പുരയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി തവള വിരുന്നെത്തിയത്.10 സെന്റീ മീറ്ററോളം നീളം വരുന്ന തവളയുടെ ശരീരത്തിനു പച്ചയും നാലിഞ്ചു നീളമുള്ള കാലുകൾക്കു മഞ്ഞ നിറവുമാണ്. റാക്കോഫോറസ് മലബാറിക്കസ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇവയുടെ പ്രത്യേകത കാലുകളിലെ വിരലുകൾക്കിടയിലുള്ള ചുവന്ന നിറത്തോടു കൂടിയ നേർത്ത ഞൊറിവുകളാണ്. മരത്തിലും ചുവരിലും പറ്റിപ്പിടിച്ചിരിക്കാൻ ഈ ഞൊറിവുകളാണ് ഇവയെ സഹായിക്കുന്നത്.വളരെ ഉയരത്തിൽ ചാടാൻ കഴിവുള്ള ഇവ മരങ്ങളുടെ മുകളറ്റം വരെ അനായാസേന കയറിപ്പറ്റും.
ജലാശയങ്ങൾക്കു സമീപമുള്ള മരങ്ങളിൽ കൂടുണ്ടാക്കിയാണ് മുട്ടയിടുന്നത്. വിരിഞ്ഞമുട്ടകൾ ജലാശയത്തിൽ വീണു ജലത്തിലെ പ്രാണികളെ ഭക്ഷിച്ചാണ് വളരുന്നത്. സാധാരണയായി പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇവയെ കാണാറുള്ളത്.
ഫോട്ടോ: ഇടുക്കി മഞ്ഞപ്പാറയിൽ കഴിഞ്ഞ രാത്രി കണ്ട അപൂർവ്വ ഇനം തവള. പച്ചില പാറൻ ആണ് ഈ തവള എന്നാണ് കരുതുന്നത്.