ഡോണൾഡ് ട്രംപിന്റെ സന്ദർശനം; കേന്ദ്രസർക്കാർ ചെലവഴിച്ചത് 38 ലക്ഷം രൂപ
ന്യൂഡൽഹി: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 2020 ലെ ഇന്ത്യാ സന്ദർശനത്തിനായി കേന്ദ്ര സർക്കാർ 38 ലക്ഷത്തോളം രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷനെ (എംഇഎ) അറിയിച്ചു. 36 മണിക്കൂർ നീണ്ട ട്രംപിന്റെ സന്ദർശനത്തിന് താമസസൗകര്യം, ഭക്ഷണം, ലോജിസ്റ്റിക്സ് എന്നിവയ്ക്കായി 38 ലക്ഷം രൂപയാണ് ചെലവായത്.
ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദർശന വേളയിൽ ഭാര്യ മെലാനിയ ട്രംപ്, മകൾ ഇവാൻക, മരുമകൻ ജാരെഡ് കുഷ്നർ, നിരവധി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ട്രംപിനൊപ്പം ഉണ്ടായിരുന്നു. 2020 ഫെബ്രുവരി 24, 25 തീയതികളിൽ അദ്ദേഹം അഹമ്മദാബാദ്, ആഗ്ര, ഡൽഹി എന്നിവിടങ്ങൾ സന്ദർശിച്ചു.
ഫെബ്രുവരി 24ന് അഹമ്മദാബാദിൽ മൂന്ന് മണിക്കൂർ ചെലവഴിച്ച ട്രംപ് 22 കിലോമീറ്റർ റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. സബർമതി ആശ്രമത്തിൽ മഹാത്മാഗാന്ധിക്ക് പ്രണാമം അർപ്പിച്ചു. മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ‘നമസ്തേ ട്രംപ്’ എന്ന മെഗാ സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്തു. അതേ ദിവസം തന്നെ താജ്മഹൽ സന്ദർശിക്കാൻ അദ്ദേഹം ആഗ്രയിലെത്തി. ഫെബ്രുവരി 25ന് ഡൽഹി സന്ദർശിച്ച ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു.