കെഎസ്‌ആര്‍ടിസിയിലെ സാമ്ബത്തിക പ്രതിസന്ധി സംബന്ധിച്ച് സര്‍ക്കാരും തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച ഇന്നും തുടരും
കെഎസ്‌ആര്‍ടിസിയിലെ സാമ്ബത്തിക പ്രതിസന്ധി സംബന്ധിച്ച് സര്‍ക്കാരും തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച ഇന്നും തുടരും.
ബുധനാഴ്ച നടന്ന മന്ത്രിതല ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞതോടെയാണ് രണ്ടാം ദിനത്തിലേക്ക് ചര്‍ച്ച കടക്കുന്നത്.
വ്യാഴാഴ്ച രാവിലെ ഒമ്ബത് മണിക്ക് മന്ത്രി ആന്റണി രാജുവിന്റെയും ശിവന്‍കുട്ടിയുടെയും നേതൃത്വത്തിലാണ് ചര്‍ച്ച. ശമ്ബളം അഞ്ചാം തീയതിക്ക് മുന്‍പായി നല്‍കണം എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മൂന്ന് യൂണിയനുകള്‍ വ്യക്തമാക്കിയിരുന്നു.
12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ല എന്ന നിലപാടും യൂണിയനുകള്‍ ആവര്‍ത്തിക്കുന്നു. ഇതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം ഡ്യൂട്ടികള്‍ സിംഗിള്‍ ഡ്യൂട്ടിയാക്കി മാറ്റണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ 1961 ലെ മോട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്‌ട് പ്രകാരമുള്ള 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്ന നിലപാടിലാണ് യൂണിയനുകള്‍.
പ്രശ്നം പരിഹരിക്കാന്‍ അധിക ഡ്യൂട്ടിക്ക് ബത്ത അനുവദിക്കുന്ന തരത്തിലേക്ക് നീങ്ങണമോ എന്ന കാര്യത്തിലടക്കം ഇന്ന് തീരുമാനമാകും. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള കാര്യങ്ങള്‍ മാനേജ്‌മെന്റും തൊഴിലാളികളും അംഗീകരിക്കേണ്ടി വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.