‘മണ്‍സൂണ്‍ പെയ്തില്ല’; രാജ്യത്ത് 15 ശതമാനം മഴ കുറവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജൂൺ മുതൽ ഓഗസ്റ്റ് വരെ രാജ്യത്ത് ശരാശരി മഴയേക്കാൾ കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ്. ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ ഗ്രാഫിൽ ഇത് പ്രകടമാണ്. മഴയിൽ 15 ശതമാനം കുറവുണ്ടായതായാണ് റിപ്പോർട്ട്. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഇക്കാലയളവിൽ ശരാശരി ലഭിക്കേണ്ടതിനേക്കാൾ 44 ശതമാനം മഴ കുറവാണ് സംസ്ഥാനത്ത് ലഭിച്ചത്.
അതേസമയം ഓഗസ്റ്റ് 15 തിങ്കളാഴ്ച കനത്ത മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസം 110 ശതമാനം അധിക മഴ ലഭിച്ചതായാണ് കണക്ക്. ജൂണിനും ഓഗസ്റ്റിനും ഇടയിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തിയ മറ്റൊരു സംസ്ഥാനമാണ് ബീഹാർ. സംസ്ഥാനത്ത് 39 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജാർഖണ്ഡിൽ ലഭിക്കേണ്ട മഴയുടെ 64 ശതമാനം മാത്രമാണ് ലഭിച്ചത്. പശ്ചിമ ബംഗാളിൽ 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഈ കാലയളവിൽ ശരാശരിയേക്കാൾ 19 ശതമാനം കുറവ് മഴയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. തമിഴ്നാട്, തെലങ്കാന, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അധിക മഴ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സാധാരണയിൽ നിന്ന് 81 ശതമാനം അധിക മഴ ലഭിച്ച തമിഴ്നാട് ഒന്നാം സ്ഥാനത്താണ്. തെലങ്കാനയിൽ 74 ശതമാനം അധിക മഴയാണ് ലഭിച്ചത്.