വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയില്‍ കൃത്രിമം നടത്തി വന്‍ തുക തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍
ഇടുക്കി: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയില്‍ കൃത്രിമം നടത്തി വന്‍ തുക തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍.
തൊടുപുഴ, തടിയമ്ബാട്, കട്ടപ്പന, കുമളി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ നടത്തുന്ന ഇടുക്കി പാണ്ടിപ്പാറ വെള്ളാരംപൊയ്കയില്‍ വിശാഖിനെയാണ് പൊലീസ് പിടികൂടിയത്.
തങ്കമണി സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവറുടെ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പിന്റെ കഥ പുറത്തു വരുത്തുന്നത്. സംഭവം പുറത്തറിഞ്ഞതോടെ സമാനമായ പത്ത് പരാതികള്‍ ഇതിനോടകം വേറെയും ലഭിച്ചു. കട്ടപ്പന, തങ്കമണി, മുരിക്കാശേരി ഉള്‍പ്പടെ ജില്ലയില്‍ പല സ്റ്റേഷനുകളിലായാണ് പരാതികള്‍ ലഭിച്ചത്. ഇനിയും കൂടുതല്‍ പരാതികള്‍ ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തങ്കമണി സ്വദേശിയുടെ ടിപ്പര്‍ ലോറിക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നതിനായി വിശാഖിനെ സമീപിച്ചിരുന്നു. ഇയാളില്‍ നിന്ന് പ്രതി വിശാഖ് ഇന്‍ഷുറന്‍സ് തുകയായ 39,000 രൂപ വാങ്ങി ആപ്പേ ഓട്ടോറിക്ഷയുടെ നമ്ബര്‍ വച്ച് ഇന്‍ഷുറന്‍സ് എടുത്ത ശേഷം പോളിസി കമ്ബ്യൂട്ടറില്‍ എഡിറ്റ് ചെയ്ത് ടിപ്പര്‍ ലോറിയുടെ നമ്ബര്‍ അടിച്ച് നല്‍കി. ഇന്‍ഷുറന്‍സ് ക്ലെയിമിനായി ലോറി ഉടമയ്ക്ക് ആവശ്യം വന്നപ്പോഴാണ് പോളിസി വ്യാജമാണെന്ന് തിരിച്ചറിയുന്നത്. ഉടന്‍ തന്നെ തങ്കമണി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കട്ടപ്പന ഡിവൈ.എസ്പി വിഎ നിഷാദ് മോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം തന്ത്രപൂര്‍വ്വം പ്രതിയെ വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. ടിപ്പര്‍, മിനി ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ലക്ഷ്യമിട്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ടിപ്പര്‍ ലോറികള്‍ക്ക് പെട്ടി ഓട്ടോ റിക്ഷകളുടെയും , മിനി ബസുകള്‍ക്ക് ടാക്സി കാറുകളുടെയുമാണ് ഇന്‍ഷുറന്‍സ് എടുത്ത് നല്‍കിയിരുന്നത്. ഇത്തരത്തില്‍ പത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ട് . തങ്കമണി സി.ഐ അജിത്തിനാണ് അന്വേഷണ ചുമതല.