കൂടത്തായി കൊലപാതക പരമ്ബരയിലെ റോയ് തോമസ്, സിലി കൊലക്കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും
കൂടത്തായി കൊലപാതക പരമ്ബരയിലെ റോയ് തോമസ്, സിലി കൊലക്കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ പ്രാരംഭവാദം തുടങ്ങിയിട്ടില്ല. പ്രതിയായ ജോളി ജയിലില്‍ ആത്മഹത്യാ ശ്രമം നടത്തിയ കേസിലെ വിധിക്കെതിരായ റിവിഷന്‍ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.
കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് കൂടത്തായി കൊലപാതക പരമ്ബരയിലെ മുഴുവന്‍ കേസുകളും എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ആല്ഫിന്, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു കൊലക്കേസുകള്‍ ഈ മാസം 31ന് പരിഗണിക്കും.
കൂടത്തായി പൊന്നാമറ്റം വീട്ടില്‍ പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന് റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന് എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകള്‍ ആല്ഫൈന്(2), ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്. ടോം തോമസിന്റെ മകനായ അമേരിക്കയിലുള്ള റോജോ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതക പരമ്ബരയുടെ ചുരുളഴിച്ചത്.
2011 ഒക്ടോബര്‍ മുപ്പതിനാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ സയനൈഡ് ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ആറ് കൊലപാതകങ്ങളില്‍ റോയ് തോമസിന്റെ മൃതദേഹം മാത്രമായിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്തത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തെത്തിയത്.