മറയൂര്‍ ചന്ദനവനത്തിനുള്ളിലെ കമ്മാളംകുടിക്ക് സമീപം ഉരുള്‍പൊട്ടി ഹെക്‌ടര്‍കണക്കിന് കൃഷിസ്‌ഥലം ഒലിച്ചുപോയി


മറയൂര്‍: മറയൂര്‍ ചന്ദനവനത്തിനുള്ളിലെ കമ്മാളംകുടിക്ക് സമീപം ഉരുള്‍പൊട്ടി ഹെക്‌ടര്‍കണക്കിന് കൃഷിസ്‌ഥലം ഒലിച്ചുപോയി.
ഇന്നലെ രാവിലെ പത്തോടെയാണ് കമ്മാളം മുതാവാ ആദിവാസി കോളനിക്ക് സമീപം കടുകള തേന്‍പാറ ഭാഗത്താണ് ഉരുള്‍പൊട്ടി ഒലിച്ചത്.
സമുദ്രനിരപ്പില്‍നിന്നും ആയിരത്തി അഞ്ഞൂറുമീറ്റര്‍ ഉയരമുള്ള പ്രദേശത്താണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. കമ്മാളംകുടി സ്വദേശി ഹരിചന്ദ്രന്റെ കൃഷിയിടമാണ് ഉരുള്‍പൊട്ടലുണ്ടായ പ്രദേശം. ഹെക്‌ടര്‍കണക്കിന് പ്രദേശത്തെ തൈലപുല്‍ കൃഷിയും കൂര്‍ക്ക കൃഷിയും ഒലിച്ചുപോയി. പകല്‍സമയത്ത് ഉരുള്‍പൊട്ടലുണ്ടായതിനാല്‍ ഊരിലുള്ളവര്‍ വിവരം കരിമുട്ടി, പുറവയല്‍ പോലുള്ള താഴ്‌ന്ന പ്രദേശത്തേക്ക് വിവരം അറിയിക്കാന്‍ കഴിഞ്ഞതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത പുലര്‍ത്തുന്നതിന് കഴിഞ്ഞു.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ മലവെള്ളപാച്ചില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ കരിമുട്ടി ആറ്റില്‍ പതിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. മൂന്നാറില്‍നിന്നും അഗ്‌നിശമന സേന ഉള്‍പ്പെടെയുള്ളവര്‍ എത്തുകയും മുന്‍ കരുതലുകള്‍ സ്വീകരിക്കുകയും ചെയ്‌തു. ഫയര്‍ഫോഴ്‌സും വനം വകുപ്പും നടത്തിയ പരിശോധനയില്‍ ആദിവാസികള്‍ കൃഷി ചെയ്‌തിരിക്കുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും തുടര്‍ച്ചയായി പെയ്‌ത കനത്ത മഴയില്‍ ഭൂമിയില്‍ വിള്ളല്‍ സംഭവിച്ചതായും മഴ തുടര്‍ന്നാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇടുക്കിയിലെ പലഭാഗങ്ങളിലും മഴയ്‌ക്ക് ശമനം ഉണ്ടായെങ്കിലും മറയൂര്‍ മലനിരകളില്‍ മഴ തോരാതെ പെയ്യുകയാണ്.
പരമ്ബരാഗത കൃഷി രീതികളില്‍നിന്നും വ്യത്യസ്‌തമായി കൂര്‍ക്കപോലുള്ള കൃഷികള്‍ക്കായി ഉയര്‍ന്നതും ചരിവുള്ളതുമായ ഭൂമി വെട്ടിയിളക്കുന്നത് മണ്ണിടിച്ചിലിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി പരിസ്‌ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.