കെ.എസ്.ആര്‍.ടി.സി കുടുംബത്തിലേക്ക് പുതിയ ബസുകള്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി കുടുംബത്തിലേക്ക് പുതിയ ബസുകള്‍. 140 ഡീസല്‍ ഓട്ടോമാറ്റിക് ബസുകള്‍ ആണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് ലഭിക്കുക.
271 സൂപ്പര്‍ക്ലാസ് ബസുകള്‍ കാലപ്പഴക്കം കാരണം പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് പുതിയ ബസുകളുടെ വരവ്. കെ.എസ്.ആര്‍.ടി.സിയുടെ റൂട്ടുകള്‍ നിലനിര്‍ത്തി ഇവിടെ ഇനി സ്വിഫ്റ്റ് കമ്ബനി ബസുകള്‍ ഓടും. മാനേജ്‌മെന്റിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.
ശമ്ബളം ഉള്‍പ്പെടെ പ്രവര്‍ത്തനച്ചെലവ് കുറവായതിനാല്‍ കെ.എസ്.ആര്‍.ടി.സി.യെക്കാള്‍ ലാഭകരമായി സ്വിഫ്റ്റിന് ബസുകള്‍ ഓടിക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി.ക്കുള്ള പദ്ധതി വിഹിതം സ്വിഫ്റ്റിന് കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവിലെ 1500 സൂപ്പര്‍ക്ലാസ് സര്‍വീസുകളും പുതിയ ബസുകള്‍ വരുന്ന മുറയ്ക്ക് സ്വിഫ്റ്റിലേക്ക് മാറ്റും.
യാത്രക്കാര്‍ ഏറെയുള്ള ദീര്‍ഘദൂര റൂട്ടുകള്‍ സ്വിഫ്റ്റിലേക്ക് മാറ്റുന്നതോടെ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളുടെ നടത്തിപ്പു മാത്രമായി കെ.എസ്.ആര്‍.ടി.സി. ചുരുങ്ങും. കഴിഞ്ഞവര്‍ഷം 50 കോടിക്ക് വാങ്ങിയ 112 ബസുകള്‍ സ്വിഫ്റ്റിന് കൈമാറിയിരുന്നു. കിഫ്ബി വായ്പയിലെ ഇലക്‌ട്രിക് ബസുകളും സ്വിഫ്റ്റിനാണ് നല്‍കിയത്.
ഈ വര്‍ഷം വായ്പാസഹായധനമായി 1000 കോടിയും പദ്ധതി വിഹിതമായി 106 കോടിയും സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1000 കോടി വായ്പാ തിരിച്ചടിവ്, ശമ്ബളം, പെന്‍ഷന്‍ എന്നിവയ്ക്കായി ചെലവിടേണ്ടിവരും. ശേഷിക്കുന്ന പദ്ധതി വിഹിതത്തിലാണ് പുതിയ ബസുകള്‍ വാങ്ങുക. 2016-21 കാലയളവില്‍ 5000 കോടിരൂപയുടെ സഹായധനം നല്‍കിയെങ്കിലും 26.85 കോടിരൂപയ്ക്ക് 101 ബസുകള്‍മാത്രമാണ് വാങ്ങാനായത്.
ബസുകള്‍ സ്വിഫ്റ്റിന് നല്‍കുന്നതിനെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍, സ്വിഫ്റ്റ് പത്തുവര്‍ഷത്തേക്കുള്ള താത്കാലിക കമ്ബനിയാണെന്നും കാലാവധി കഴിഞ്ഞാല്‍ ആസ്തികള്‍ കെ.എസ്.ആര്‍.ടി.സി. ലയിപ്പിക്കുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.