പ്രധാന വാര്‍ത്തകള്‍
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ മഴ തുടരും. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനാൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു.
കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്‍റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ കനത്ത മഴയുണ്ടാകും. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന ന്യൂനമർദ പാത്തിയും മധ്യ, കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയും മഴയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.