വഴി തെറ്റിയെത്തിയ കാര്‍ വെള്ളം കുത്തിയൊഴുകിയ തോട്ടില്‍ വീണ സംഭവത്തില്‍ 3 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 4 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കോട്ടയം: വഴി തെറ്റിയെത്തിയ കാര്‍ വെള്ളം കുത്തിയൊഴുകിയ തോട്ടില്‍ വീണ സംഭവത്തില്‍ 3 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 4 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
വ്യാഴാഴ്ച രാത്രി 11നാണ് തിരുവാതുക്കലിനു സമീപം പാറേച്ചാലില്‍ കാര്‍ വെള്ളത്തില്‍ വീണത്.
എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു യാത്ര ചെയ്ത തിരുവല്ല കുമ്ബനാട് മേലേപ്പറമ്ബില്‍ ഡോ.സോണിയ വര്‍ഗീസ് (32), അമ്മ ശോശാമ്മ (71) സഹോദരന്‍ അനീഷ് (21), സോണിയയുടെ 3 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് എയ്സണ്‍ എന്നിവരാണ് വെള്ളത്തില്‍ വീണത്.
അനീഷാണ് കാര്‍ ഓടിച്ചിരുന്നത്. ഓണ്‍ലൈന്‍ മാപ്പിന്റെ സഹായത്തോടെ, എളുപ്പ വഴിയായ പാറേച്ചാല്‍ ബൈപാസ് വഴി എംസി റോഡിലേക്ക് പോകാനായി എത്തിയ ഇവര്‍ ബൈപാസിലേക്കു തിരിയുന്നതിനു പകരം നേരെയുള്ള ബോട്ട് ജെട്ടി റോഡ് വഴി മുന്‍പോട്ടു പോയി.
ഈ വഴി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു. വഴി മനസ്സിലാക്കാതെ നീങ്ങിയ കാര്‍ ബോട്ട് ജെട്ടിക്കു സമീപം കോടിമതയില്‍ നിന്നു പള്ളം വഴി ആലപ്പുഴയിലേക്കുള്ള ജലഗതാഗത പാതയായ പുത്തന്‍തോട്ടിലേക്കു വീണു.
തോട്ടിലേക്ക് വീണ കാര്‍ പുത്തന്‍ തോട് വഴി ഒഴുകാതെ സമീപത്തെ പാറേച്ചാല്‍-കൊടൂരാര്‍ ചെറുതോട്ടിലേക്ക് ഒഴുകിക്കയറി.
കാറിന്റെ ചില്ലില്‍ തട്ടിയുണ്ടാക്കിയ ശബ്ദവും കാറിന്റെ വെളിച്ചവും ശ്രദ്ധിച്ച നാട്ടുകാര്‍ തോട്ടിലേക്കു ചാടി കാര്‍ കയര്‍ ഉപയോഗിച്ച് കെട്ടി നിര്‍ത്തിയാണു യാത്രക്കാരെ രക്ഷിച്ചത്.
കാര്‍ ഇവിടെനിന്നു നീക്കിയിട്ടില്ല.പുത്തന്‍തോട് വഴി കാര്‍ ഒഴുകിയിരുന്നെങ്കില്‍ കാര്‍ പഴുക്കാനിലക്കായലിലേക്കു നീങ്ങിയേനെ. ഇതു വഴി വലിയ അത്യാഹിതം സംഭവിക്കാനും സാധ്യതയുണ്ടായിരുന്നു.
ആ കുരുന്നിനെ തന്റെ കൈ കൊണ്ട് കോരിയെടുത്ത് രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പതിനാലില്‍ചിറ സനലിന്റെ ഭാര്യ സിന്ധു.
‘കുഞ്ഞ് കുഞ്ഞ് ‘ എന്ന് കാറില്‍ കുടുങ്ങിയവരുടെ നിലവിളി കേട്ടാണ് സിന്ധു അവര്‍ക്കു നേരെ കൈ നീട്ടിയത്. കയ്യില്‍ കിട്ടിയപ്പോഴാണ് കുഞ്ഞാണെന്ന് അറിഞ്ഞത്.
‘അവനിത് ഒന്നും അറിഞ്ഞില്ല, ആഴക്കയത്തില്‍ നിന്ന് എന്റെ കയ്യിലേക്കു വാങ്ങുകയായിരുന്നു. 3 മാസം മാത്രമല്ലേ ആയിട്ടുള്ളൂ. ടര്‍ക്കിയില്‍ പൊതിഞ്ഞ് ഞാനവനെ വാങ്ങുമ്ബോള്‍ എന്റെ മനസ്സില്‍ പ്രാര്‍ഥനയായിരുന്നു. അവനെ ഞാന്‍ നെഞ്ചോടു ചേര്‍ത്ത് പൊന്നേയെന്നു വിളിച്ചു. അപ്പോഴേക്കും അവന്റെ ചിരി കൂടുതല്‍ വിടര്‍ന്നു. അവന്റെ ചിരിയാണ് മനസ്സില്‍- സിന്ധു പറയുന്നു.