രാത്രി വന്‍ താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ പുഴയില്‍ വീണ് 100 മീറ്ററോളം ഒഴുകിയ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്


തൊടുപുഴ: രാത്രി വന്‍ താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ പുഴയില്‍ വീണ് 100 മീറ്ററോളം ഒഴുകിയ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്.
ഇടുക്കി ചെറുതോണി സ്വദേശി അനു മഹേശ്വരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
രാത്രി 7.30ഓടെ തങ്കമണിയില്‍ നിന്ന് ചെറുതോണി ഭാഗത്തേക്ക് കാറോടിച്ച് വരുകയായിരുന്നു അനു. മരിയാപുരം ഭാഗത്തുവെച്ച് എതിര്‍ദിശയില്‍ അമിതവേഗത്തിലെത്തിയ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതും നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. 70 മീറ്ററോളം താഴ്ചയില്‍ പുഴയോരത്തേക്കാണ് പലവട്ടം തലകീഴായി മറിഞ്ഞ കാര്‍ വന്നെത്തിയത്.
പുഴയോരത്ത് വീണ കാറില്‍ നിന്ന് പ്രയാസപ്പെട്ട് പുറത്തിറങ്ങുന്നതിനിടെ അനു കാല്‍വഴുതി പുഴയിലേക്ക് വീണു. 100 മീറ്ററോളം ഒഴുകിപ്പോയ അനു പുല്ലില്‍ പിടിച്ച് കരയിലേക്ക് കയറുകയായിരുന്നു. മരിയാപുരം പി.എച്ച്.സിയുടെ പിന്നിലാണ് ഇവര്‍ ഒഴുകിയെത്തിയത്. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.