വെള്ളം കുടിക്കാം കരുതലോടെ; ഇടുക്കിയില്‍ നാല് ആധുനിക ലബോറട്ടറി ആരംഭിച്ചു
ഇടുക്കി: കുടിവെള്ള ഗുണനിലവാരം പരിശോധിക്കാന്‍ ജല അതോറിറ്റി ഗുണനിലവാര പരിശോധനവിഭാഗം ജില്ലയില്‍ നാല് ആധുനിക ലബോറട്ടറി ആരംഭിച്ചു.
ചെറുതോണിയില്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് സമീപമാണ് ജില്ലാ ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. ഇടുക്കി സബ് ജില്ലാ ലാബോറട്ടറിയും ഇവിടെയാണ്. അടിമാലി പതിനാലാം മൈലിലും തൊടുപുഴയിലും സബ് ജില്ലാ ലബോറട്ടറി പ്രവര്‍ത്തിക്കുന്നു. ലാബുകള്‍ക്ക് എന്‍എബിഎല്‍ അംഗീകാരവും ഉണ്ട്.
ജലജീവന്‍ മിഷന്റെ ഭാഗമായി നടത്തിയ സര്‍വേ പ്രകാരം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കിണര്‍, കുഴല്‍ക്കിണര്‍, കുളം ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സര്‍വേ പ്രകാരം 23,690 സാമ്ബിള്‍ പരിശോധിച്ചതില്‍ 19,058 എണ്ണവും കുടിവെള്ളയോഗ്യമല്ല. കാഠിന്യം, പുളിപ്പ് രുചി, ഇരുമ്ബ് ചുവ, സള്‍ഫേറ്റ്, നൈട്രേറ്റ്, കോളി ഫോം, ഇ-കോളി എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. കൃഷിയില്‍ ഉപയോഗിക്കുന്ന കീടനാശിനി, രാസവള പ്രയോഗം മൂലവുമാണിത്. പുഴകളിലെ വെള്ളവും വലിയ തോതില്‍ മലിനപ്പെട്ടിട്ടുണ്ട്. അതിനാല്‍ വര്‍ഷത്തില്‍ രണ്ടു തവണ എങ്കിലും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ജലഗുണനിലവാര പരിശോധന വിഭാഗം അറിയിച്ചു.
രാസ, ഭൗതിക പരിശോധനയ്ക്കാനായി ക്യാനിലോ ബോട്ടിലിലോ ശേഖരിച്ച രണ്ടു ലിറ്റര്‍ വെള്ളവും, ബാക്ടീരിയോളജി പരിശോധനയ്ക്കായി അണുവിമുക്തമാക്കിയ ബോട്ടിലില്‍ 200 മില്ലി ലിറ്റര്‍ വെള്ളവും എത്തിക്കണം. ഓണ്‍ലൈന്‍ ആയാണ് ഫീസ് അടയ്‌ക്കേണ്ടത്. ഇതിനായി അക്ഷയ കേന്ദ്രം വഴിയോ മൊബൈല്‍ വഴിയോ പണമടയ്ക്കാം. www.qpay.kwa.kerala.gov.in എന്ന പോര്‍ട്ടല്‍വഴി ഫീസ് അടച്ച രസീതും വെള്ളത്തിനൊപ്പം കൊണ്ടുവരണം. ഫലം അഞ്ചു മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ വെബ്‌സൈറ്റിലൂടെ തന്നെ ലഭിക്കും. പരിശോധനയ്ക്ക് ശേഷം ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കും. ഫോണ്‍: 04862 294353, 8547638131.
ഗാര്‍ഹിക കുടിവെള്ളം പരിശോധിക്കാന്‍ 850 രൂപയാണ് ഈടാക്കുന്നത്. ലൈസെന്‍സിനു വേണ്ടി എല്ലാ ഘടകങ്ങളും ടെസ്റ്റ് ചെയ്യാന്‍ 3300 രൂപ അടയ്ക്കണം. കൂടുതല്‍ പരിശോധന പായ്‌ക്കേജുകള്‍ വാട്ടര്‍ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.