കർക്കടകമാസം മലയാളിയെ സംബന്ധിച്ചിടത്തോളം ഭക്തിയുടെ മാത്രം അല്ല. ആരോഗ്യ സംരക്ഷണത്തിന്റെയും കൂടിയാണ്.
ശ്രീജ മോഹന്‍ (യോഗ പരിശീലക)
തോരാമഴയിൽ പണിക്കു പോകാനാകാതെ വീട്ടിനകത്തു തന്നെ കഴിച്ചുകൂടേണ്ടിവരുന്ന നാളുകളായിരുന്നു പണ്ടൊക്കെ. പണിയില്ലാത്തതിനാൽ പട്ടിണിയുടെ നാളുകൾ. താളും തകരയുമൊക്കെ കഴിച്ചു വിശപ്പടക്കിയ നാളുകൾ. അങ്ങനെയാണു കർക്കടകത്തിനു പഞ്ഞമാസം എന്ന പേരു കിട്ടിയത്. എന്നാൽ, അതൊക്കെ പഴങ്കഥ. ഇപ്പോൾ നമുക്ക് അത്ര ധാരിദ്ര്യം ഒന്നും ഇല്ല. എങ്കിലും താളിന്റെയും തകരയുടെയും പ്രസക്തി കുറയുന്നില്ല. കർക്കടകത്തിൽ ഇലക്കറികള്‍ ധാരാളമായി കഴിക്കണമെന്നത് ആചാരമായിത്തന്നെ പഴമക്കാർ സ്വീകരിച്ചത് പട്ടിണി കൊണ്ടുമാത്രമായിരുന്നില്ല, ഭക്ഷണത്തിൽ ഇലക്കറികളുടെ പ്രാധാന്യം എന്തെന്നു ശരിക്കും അറിയാവുന്നതു കൊണ്ടു കൂടിയായിരുന്നു.
ആരോഗ്യത്തിന് പത്തിലകൾ
കർക്കടകത്തിൽ പത്തിലക്കറി കഴിക്കുന്ന രീതിയുണ്ടായിരുന്നു പണ്ട്. പത്തു തരം ഇലകളാണ് പത്തിലകൾ എന്നറിയപ്പെടുന്നത്. പത്ത് ഇലകൾ ഏതൊക്കെ എന്ന കാര്യത്തിൽ പ്രാദേശികമായി ചില വ്യത്യാസങ്ങൾ ഉണ്ട്. എങ്കിലും താള്, തകര, തഴുതാമ, കൊടകൻ ചേന, പയർ, കുമ്പളം, മത്തൻ, ചൊറിയണം (ആകാശ തുമ്പ, കൊടിത്തൂവ എന്നൊക്കെ അറിയപ്പെടും),ചീര എന്നിവയാണു പൊതുവേ പത്തിലകളായി സ്വീകരിക്കപ്പെടുന്നത്. ഈ ഇലകളുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് നോക്കാം.
താള് ( ചേമ്പില )
പ്രോട്ടീന്‍, ഡയറ്റെറി ഫൈബര്‍, ആസ്‌കോര്‍ബിക് ആസിഡ്, അയേണ്‍, റൈബോഫ്‌ളേവിന്‍, തയാമിന്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ സി, പൊട്ടാസ്യം, നിയാസിന്‍, മാംഗനീസ്, കോപ്പര്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്. കുടൽ സംബന്ധമായ അസുഖങ്ങൾക്ക് , മലബന്ധം കുറയ്ക്കുന്നതിന്, വയറ്റിലെ അൾസറിന് ഒക്കെ താള് ഉത്തമമാണ്.
തകര
കാത്സ്യം, ഇരുമ്പ്, ഫോസ് ഫറസ് , ബീറ്റാ സിറ്റോസ്റ്റിറോള്‍, ടാര്‍ടാറിക് ആസിഡ് എന്നിങ്ങനെ ഒട്ടേറെ രാസ സംയുക്തങ്ങളാല്‍ അനുഗൃഹീതമാണ് തകര. മലബന്ധത്തിനും നേത്രരോഗങ്ങൾക്കും , ത്വക്ക് രോഗങ്ങള്‍ക്കും പ്രതിവിധിയായി തകര ഉപയോഗിക്കുന്നു.
തഴുതാമ
തഴുതാമയുടെ ഇല കര്‍ക്കടക മാസത്തിലാണ് സാധാരണയായി കറിവയ്ക്കാന്‍ ഉപയോഗിക്കുന്നത്. ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ തഴുതാമ മൂത്രവര്‍ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പിത്തം, ഹൃദ്രോഹം, ചുമ എന്നിവയ്ക്കും തഴുതാമ ഔഷധമായി നിര്‍ദ്ദേശിക്കുന്നു.തഴുതാമയില മഞ്ഞപ്പിത്തം, അസ്ഥിസ്രാവം, ആസ്ത്മ എന്നിവയ്ക്കും ഔഷധമാണ്.
കൊടകൻ
നാഡികളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് കൊടകൻ (മുത്തിള്‍). ഇത് ഓര്‍മക്കുറവിനും ബുദ്ധി ശക്തിയ്ക്കുമെല്ലാം ഏറെ നല്ലതാണ്. പഠിയ്ക്കുന്ന കുട്ടികള്‍ക്ക് ഇതു കൊണ്ടു തന്നെ നല്ലതാണിത്.. ഇതിന്റെ ഇല ചവച്ചരച്ചു കഴിയ്ക്കുകയോ വെള്ളം തിളപ്പിച്ചു കുടിയ്ക്കുകയോ ഇലയുടെ നീരെടുത്തു കഴിയ്ക്കുകയോ ആകാം. ഇതിന്റെ ഇലയുടെ നീരെടുത്തു പിഴിഞ്ഞു കുട്ടികള്‍ക്കു നല്‍കുന്നത് ഏറെ നല്ലതാണ്. ബുദ്ധിയും ഓര്‍മയും മാത്രമല്ല, നാഡികളെ ബാധിയ്ക്കുന്ന പല രോഗങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്.
കുമ്പളം
കുമ്പളത്തിന്‍റെ ഇല രക്തശുദ്ധി വരുത്തുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനും ഫലപ്രദമാണ്. കുമ്പളത്തിന്‍റെ ഇല പതിവായി കഴിക്കുന്നത് ശരീരകാന്തിക്കും ബുദ്ധികൂര്‍മ്മതയ്ക്കും നല്ലതാണ്. ഓലൻ പോലുള്ള വിഭവങ്ങൾ തയാറാക്കാൻ കുമ്പളങ്ങ ഉപയോഗിക്കുന്നു .
മത്തൻ
മത്തന്‍റെ ഇളംതണ്ട്, പൂവ്, കായ് എന്നിവയെല്ലാം ഭക്ഷ്യയോഗ്യമാണ്. തളിരിലയാണു കറിവയ്ക്കാൻ ഉത്തമം.
പ്രത്യേകിച്ചും മത്തൻ ഇലകളിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, അതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മുറിവുകളെ സുഖപ്പെടുത്താനും ആരോഗ്യമുള്ള അസ്ഥികൾ, ചർമ്മം,പല്ലുകൾഎന്നിവനിലനിർത്താനും സഹായിക്കുന്നു.
ചീര
ഇലയിനങ്ങളില്‍ ഏറ്റവുമധികം ഔഷധഗുണം ചീരയ്ക്ക് എന്നുപറയാം. ഇരുമ്പ് ധാരാളമായി ഉള്ളതിനാല്‍, രക്ത വർദ്ധനവിനും , വിളര്‍ച്ചയ്ക്കും നല്ല ഔഷധമാണ്.
ചേന
ചേനയുടെ തണ്ടിനൊപ്പം ഇലയും കറിക്കായി ഉപയോഗിക്കാം. ചേന ഇല തനിച്ചും കറിവയ്ക്കുന്നു. നാരുകള്‍, കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.
പയർ
പയറിന്‍റെ ഇല ദഹനശക്തിയും ശരീരശക്തിയും വര്‍ധിപ്പിക്കുന്നു. ശരീരതാപം ക്രമീകരിക്കുന്നു. നേത്രരോഗം, ദഹനക്കുറവ്, കരള്‍വീക്കം എന്നിവയ്ക്കും പ്രയോജനകരമാണ്. മാംസ്യം, ധാതുക്കള്‍, വിറ്റാമിന്‍ എ,സി എന്നിവയും ഇതില്‍ ധാരാളം ഉണ്ട് .
ചൊറിയണം (കൊടിത്തൂവ)
ചൊറിച്ചില്‍ ഉണ്ടാക്കുന്ന ഇലയോടുകൂടിയ കൊടിത്തൂവ (ചൊറിയണം) എന്ന ചെടിയുടെ ഇല തോരനായി ഉപയോഗിക്കാം. തളിരില വേണം ഉപയോഗിക്കാന്‍. വിവിധതരം ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഇവ ഔഷധഗുണമുള്ളതാണ്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ചൊറിഞ്ഞ് പ്രശ്നമാവുകയും ചെയ്യും. തിളച്ച വെള്ളത്തിൽ ഇട്ടു വെച്ചിട്ട് വേണം അരിഞ്ഞ് എടുക്കാൻ.
പത്തിലകള്‍ ഒരുമിച്ച് കറിവെച്ച് കഴിക്കുന്നതാണ് ഉത്തമം. എന്നാല്‍ പത്തില്ലെങ്കില്‍ കിട്ടിയ ഒന്നെങ്കിലും കറിവെച്ചു കഴിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് ഇലക്കറികള്‍ നല്‍കുന്നത് ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നു. എന്നാല്‍ കുട്ടികളില്‍ നല്ലൊരു പങ്കും ഇലക്കറികള്‍ കഴിക്കാന്‍ മടിക്കുന്നവരാണ്. ഇതിന് മറ്റു ഭക്ഷണത്തില്‍ ചേര്‍ത്ത് ഇലക്കറികള്‍ നല്‍കുന്നതാണ് ഉത്തമം. കുട്ടികളുടെ നാവിന് ഇണങ്ങുന്ന തരത്തില്‍ പാചകം ചെയ്തു നല്‍കാവുന്നതാണ്. ഓരോ മനുഷ്യന്‍റേയും ആരോഗ്യകരമായ ജീവിതത്തിന് പച്ചിലകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത് തിരിച്ചറിഞ്ഞ് വേണം കര്‍ക്കടക ഇലക്കറികള്‍ തയ്യാറാക്കാനും ഉപയോഗിക്കാനും.ഇലക്കറികൾക്ക് ഏറ്റവും പ്രാധാന്യം നൽകുന്ന കാലം കർക്കടകമാണ് ഇലക്കറികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതിന്റെയും ഭക്ഷണ ശീലങ്ങൾ പിന്തുടരുന്നതിന്റെയും കാലം.